തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച നടപടിയില്‍ പ്രതിഷേധം തുടരവെ പ്രശ്‌നപരിഹാരത്തിന് ഇടപെടലുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി.
കോഴിക്കോട്: തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച നടപടിയില്‍ പ്രതിഷേധം തുടരവെ പ്രശ്‌നപരിഹാരത്തിന് ഇടപെടലുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ മന്ത്രി കെഎസ്ഇബി ചെയര്‍മാന് നിര്‍ദേശം നല്‍കി.
വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ വീടിന് മുന്നില്‍ അജ്മലിന്റെ മാതാപിതാക്കളുടെ പ്രതിഷേധം തുടരുകയായിരുന്നു. വൈദ്യുതി പുനഃസ്ഥാപിക്കും വരെ പ്രതിഷേധം തുടരുമെന്ന് അജ്മലിന്റെ മാതാവ് അറിയിച്ചിരുന്നു.
കെഎസ്ഇബി എംഡിയുടെ നിര്‍ദേശപ്രകാരമാണ് തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടച്ചിരുന്നില്ല. രണ്ട് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചു. തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു. ഇതറിഞ്ഞ അസി.എന്‍ജീനിയര്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇത് ചോദ്യം ചെയ്ത് ഇന്ന് രാവിലെ കെഎസ്ഇബി ഓഫീസിലെത്തിയ അജ്മലും ഒപ്പമുണ്ടായിരുന്ന ആളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും സാധനങ്ങള്‍ തര്‍ക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവുണ്ടായത്.
വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെയാണ് അജ്മലിന്റെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബില്ലടക്കാന്‍ ഒരു ദിവസം വൈകിയിരുന്നുവെന്നും എന്നാല്‍ കണക്ഷന്‍ വിച്ഛേദിച്ച ദിവസം വൈകീട്ടോടെ തന്നെ ബില്ലടച്ചിരുന്നുവെന്നും അജ്മലിന്റെ മാതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കറന്റ് പുനസ്ഥാപിക്കാന്‍ വന്നയാള്‍ അസഭ്യം പറഞ്ഞെന്നും തന്നെ ഉന്തിമാറ്റിയെന്നും അവര്‍ പറഞ്ഞിരുന്നു. കറന്റ് നല്‍കാന്‍ വൈകിയപ്പോഴാണ് മക്കള്‍ ദേഷ്യത്തോടെ സംസാരിച്ചത്. പിറ്റേ ദിവസം വാര്‍ത്തയില്‍ കാണുന്നത് മക്കളുടെ പേരില്‍ കേസുണ്ടെന്നാണ്. ഇതുകണ്ടാണ് പിറ്റേദിവസം അവര്‍ ഓഫീസിലേക്ക് പോയത്. അവിടെ ചെന്നപ്പോല്‍ ഉദ്യോഗസ്ഥര്‍ മക്കളെ ആക്രമിക്കുകയായിരുന്നുവെന്നും അവര്‍ പ്രതികരിച്ചിരുന്നു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. പൊതുപ്രവര്‍ത്തകനായ സൈദലവിയാണ് പരാതിക്കാരന്‍. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നായിരുന്നു ആവശ്യം.
© Copyright - MTV News Kerala 2021
View Comments (0)