ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റി; ഒക്ടോബര്‍ 5ന് വോട്ടെടുപ്പ്, ഒക്ടോബര്‍ 8ന് വോട്ടെണ്ണല്‍
ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് മാറ്റി. ഒക്ടോബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. നേരത്തെ ഒക്ടോബര്‍ ഒന്നിനായിരുന്നു വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നു. ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീരുമാനം. തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ ഒന്നാം തീയതിക്ക് മുന്‍പും പിന്‍പും അവധി ദിനങ്ങള്‍ വരുന്നുണ്ടെന്നും ഇത് പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ ഹരിയാന ഘടകം അധ്യക്ഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഇക്കാര്യം ഹരിയാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പങ്കജ് അഗര്‍വാള്‍ സ്ഥിരീകരിച്ചിരുന്നു. വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ നീക്കത്തിന് പിന്നിലെ കാരണം വിശദീകരിച്ച് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി അംഗം വരീന്ദര്‍ ഗാര്‍ഗ് രംഗത്തെത്തിയിരുന്നു.
സെപ്റ്റംബര്‍ 28 ശനിയാഴ്ച പലര്‍ക്കും അവധിയാണ്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ചയും അവധിയാണ്. ഒക്ടോബര്‍ ഒന്ന് പോളിങ് ദിവസമായതിനാല്‍ അവധിയാണ്. തൊട്ടടുത്ത ദിവസം ഒക്ടോബര്‍ രണ്ടും മഹാരാജ അഗ്രസെന്‍ ജയന്തി പ്രമാണിച്ച് ഒക്ടോബര്‍ മൂന്നും അവധിയാണെന്ന് ഗാര്‍ഗ് വിശദീകരിച്ചു. അതേസമയം, തിരഞ്ഞെടുപ്പിന് മുന്നേതന്നെ ബിജെപി ഭയപ്പാടിലായെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പരാജയം മുന്നില്‍ക്കണ്ട് ഭരണകക്ഷി ബാലിശമായ വാദങ്ങള്‍ മുന്നോട്ടുവെക്കുകയാണെന്ന് കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡ വിമര്‍ശിച്ചിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)