എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി; ദുരിതത്തിലായി യാത്രക്കാർ, പ്രതിഷേധം
കൊച്ചി: കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലും വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 250ഓളം ക്യാബിന്‍ ക്രൂ അംഗങ്ങളാണ് സമരം നടത്തുന്നത്. അലവന്‍സ് കൂട്ടി നല്‍കണം എന്നാണ് ആവശ്യം. വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നാണ് യാത്രക്കാരുടെ പരാതി. കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ, മസ്കറ്റ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ ബഹ്റൈൻ, മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.
കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യയുടെ ആറ് വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. കരിപ്പൂരിൽ രാവിലെ എട്ടു മണി മുതൽ പുറപ്പെടേണ്ട ആറ് വിമാനങ്ങളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.
തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയത് ദുബായ്, അബുദാബി, മസ്കറ്റ് വിമാനങ്ങളാണ്. പുലർച്ചെ ഒരു മണി മുതൽ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.
© Copyright - MTV News Kerala 2021
View Comments (0)