സംഘപരിവാര്‍ കെണിയില്‍ വീഴാതെ ശ്രദ്ധിക്കണം; കെ അനില്‍കുമാറിനെ തള്ളി എംവി ഗോവിന്ദന്‍

MTV News 0
Share:
MTV News Kerala

കണ്ണൂര്‍: തട്ടം വിവാദത്തില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാറിനെ തള്ളി സിപിഐഎം. അനില്‍ കുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാട് അല്ലെന്നും വസ്ത്രധാരണം ഓരോ മനുഷ്യന്റേയും ജനാധിപത്യ അവകാശമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സംഘപരിവാർ കെണിയിൽ വീഴാതെ ശ്രദ്ധിക്കണമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

‘വസ്ത്രധാരണം ഓരോ മനുഷ്യന്റേയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരു കാര്യം കൂടിയാണ്. ഹിജാബ് പ്രശ്‌നം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയതാണ്. ഒരാളുടെ വസ്ത്രധാരണത്തിലേക്ക് കടന്നു കയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ട കാര്യമില്ലായെന്നും വസ്ത്രം ധരിക്കുന്നവര്‍ ഇന്ന വസ്തമേ ധരിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദേശിക്കാനോ വിമര്‍ശനാത്മകമായി അത് ചൂണ്ടികാട്ടാനോ നമ്മള്‍ ആഗ്രഹിക്കുന്നില്ല. ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വസ്തധാരണം. ഭരണഘടന അനുശാസിക്കുന്ന അധികാരാവകാശമാണ്. അനില്‍ കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടിന് വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതില്ല.’ എം വി ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കി. മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്നായിരുന്നു അനില്‍ കുമാറിന്റെ പരാമര്‍ശം.

ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകരുടെ വീട്ടിലെ റെയ്ഡ് പ്രതിഷേധാര്‍ഹമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. റെയ്ഡ് മാധ്യമപ്രവര്‍ത്തനത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. കര്‍ഷക സംഘം ഓഫീസിലാണ് പരിശോധന നടന്നത്. യെച്ചൂരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഓഫീസ്. അവിടെ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ തേടിയാണ് അന്വേഷണ സംഘം എത്തിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.