അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത, മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്.

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങിളിൽ മഴ കനക്കും. തിരുവനന്തപുരം മുതൽ പാലക്കാട്‌ വരെയുള്ള ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോ‌ട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

ഞായറാഴ്ചയും ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്ക്‌ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 14 മുതൽ 18 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനുമാണ് സാധ്യത.

തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17-ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലയോര മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.