അരീക്കോട് പോലീസ് ക്യാമ്പിൽ മേലുദ്യോഗസ്ഥൻ്റെ പീഡനം കാരണം വനിത പോലീസ് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു. അരീക്കോട് തണ്ടർ ബോൾട്ട് ക്യാമ്പിലെ ജീവനക്കാരിയാണ് കൈ തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അസി. പോലീസ് കമാൻറൻ്റ് കെ. അജിത്തിൻ്റെ പീഡനമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും നിയമ നടപടി സീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് പറഞ്ഞു. ജനുവരിയിൽ മേലുദ്യോഗസ്ഥൻ ലൈഗിക ചുവയോടെ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് സംസ്ഥാന ഡി.ജി.പി അനിൽ കാന്തിന് പരാതി നൽകിയിരുന്നു. ഇത് മേലുദ്യോഗസ്ഥനുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. തുടർന്ന് പ്രതികാര നടപടിയായി ക്യാമ്പിലെ 50 വനിത ഉദ്യോഗസ്ഥർക്ക് ശാരീരിക പരിശീലനത്തിന് ഉത്തരവിറക്കി. ഇതിനെ സഹ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു.
കൂടാതെ വിഷയത്തിൽ കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് പരാതിപ്പെട്ടതിനെ തുടർന്ന് ഷോക്കോസ് നോട്ടീസും ലഭിച്ചതാണ് യുവതിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. കൂടാതെ കഴിഞ്ഞ മാസം ഇവരുടെ വിവാഹ വാർഷിക ദിനത്തിൽ പോലീസ് യൂണിഫോമിൽ തൻ്റെ ഒരു വയസ്സുള്ള കുട്ടിയോടൊപ്പം ചിത്രം വാട്സാപ്പിൽ സ്റ്റാറ്റസ് വെച്ചതിനെതിരെ വിശദീകരണം തേടിയിരുന്നു. മേലുദ്യോഗസ്ഥനെതിരെ പരാതി പെട്ടതിനാണ് ഭാര്യയെ ഇത്തരത്തിൽ പീഡിപ്പിക്കുന്നതെന്നാണ് ഭർത്താവിൻ്റെ വാദം. നിലവിൽ ഗുരുതരാവസ്തയിൽ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ഇന്നലെ ഉച്ചയോടെ ക്യാമ്പിനോട് ചേർന്നുളള ക്യാട്ടേഴ്സിലാണ് സംഭവം. എന്നാൽ സംഭവം സംബന്ധിച്ച് വിശദീകരണം നൽകുവാനോ മറ്റോ ക്യാമ്പ് ഉദ്യോഗസ്ഥരോ അരീക്കോട് പോലീസോ തയ്യാറായിട്ടില്ല.
© Copyright - MTV News Kerala 2021
View Comments (0)