റൊസാരിയോ: സെപ്റ്റംബറിൽ ചിലി, കൊളംബിയ ടീമുകൾക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സൂപ്പർതാരം ലണയൺ മെസ്സി കളിക്കില്ല. 28 അംഗ ടീമിനെ അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു.
കണങ്കാലിന് പരിക്കേറ്റ മെസ്സിയെ ടീമിൽനിന്ന് ഒഴിവാക്കി. സ്‌ക്വാഡില്‍ നിരവധി യുവതാരങ്ങളെ പരിശീലകന്‍ സ്‌കലോണി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ചിലിയുമായും 10ന് കൊളംബിയയുമാണ് മത്സരം. കഴിഞ്ഞമാസം നടന്ന കോപ്പ അമേരിക്ക ഫൈനലിനിടെയാണ് മെസ്സിക്ക് പരിക്കേറ്റത്. കോപ്പ ഫൈനല്‍ മത്സരത്തിന്റെ 66ാം മിനിറ്റില്‍ കണങ്കാലിന് പരിക്കേറ്റ താരം കണ്ണീരോടെയാണ് കളം വിട്ടത്.
മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന കിരീടം നേടിയിരുന്നു. റിവർ പ്ലേറ്റിന്‍റെ വെറ്ററൻ ഗോൾ കീപ്പർ ഫ്രാങ്കോ അൽമാനി, എ.എസ് റോമയുടെ മുന്നേറ്റ താരം പൗളോ ഡിബാല എന്നിവർ സ്ക്വാഡിലില്ല. മധ്യനിര താരം എസക്വേല്‍ ഫെര്‍ണാണ്ടസ്, സ്‌ട്രൈക്കര്‍ വാലന്റിന്‍ കാസ്റ്റല്ലാനോസ് എന്നിവർ ആദ്യമായി ടീമിലെത്തി. അലജാന്ദ്രോ ഗര്‍നാച്ചോ, വാലന്റിന്‍ കര്‍ബോണി, വാലന്റിന്‍ ബാര്‍കോ, മാത്യാസ് സൗളെ എന്നിവർ ടീമിലുണ്ട്.
തെക്കേ അമേരിക്കൻ യോഗ്യത ഗ്രൂപ്പിൽ ആറുമത്സരങ്ങളിൽനിന്നു 15 പോയന്റുള്ള അർജന്റീന ഒന്നാമതാണ്. ഒരു മത്സരത്തിൽ മാത്രമാണ് തോൽവിയറിഞ്ഞത്. 13 പോയന്റുള്ള യുറുഗ്വായിയാണ് രണ്ടാമത്. ഏഴു പോയന്റ് മാത്രമുള്ള ബ്രസീൽ ആറാമതാണ്.
© Copyright - MTV News Kerala 2021
View Comments (0)