മെസിയുടെ അർജൻ്റീന കേരളത്തിൽ പന്തുതട്ടും; 2025 ഒക്ടോബറിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: ലയണൽ മെസിയുടെ അർജൻ്റീനിയൻ ടീം കേരളത്തിൽ കളിക്കാനുള്ള ക്ഷണം സ്വീകരിച്ചുവെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. അർജൻ്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. 2025 ഒക്ടോബറിൽ കേരളത്തിൽ കളിക്കാനുള്ള സന്നദ്ധത അർജൻ്റീനിയൻ ടീം അറിയിച്ചുവെന്നാണ് ഫെയ്സ്ബുക്ക് കുറിപ്പിൽ അബ്ദുറഹ്മാൻ അറിയിച്ചിരിക്കുന്നത്. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചതിനെ തുടർന്ന് ഒക്ടോബറിലേയ്ക്ക് മത്സരം മാറ്റുകയായിരുന്നുവെന്നുമാണ് അബ്ദുറഹ്മാൻ വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ ലിയോണൽ മെസ്സി അടക്കമുള്ള അർജെന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അർജൻ്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്. ഖത്തർ ലോകകപ്പിൻ്റെ സമയത്ത് തങ്ങൾക്കായി ആർത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ടാണ് അർജൻ്റീനയുടെ ദേശീയ ടീം കേരളത്തിലെത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹ്മാൻ വ്യക്തമാക്കുന്നു.

കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജൻ്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി വ്യാഴാഴ്ച നടന്ന ഓൺലൈൻ മീറ്റിംഗിൽ വിശദമായ ചർച്ചയിലാണ് തീരുമാനം. അർജൻ്റീന കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും അർജൻ്റീന താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അർജൻ്റീന ദേശീയ ടീമിൻ്റെ ഇൻ്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ്. സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഐഎഎസ് കെഎഫ്എ സംസ്ഥാന പ്രസിഡന്റ്‌ നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.