സെന്തിലിന്റെ അറസ്റ്റും പിന്നാലെ ബ്ലോക്കും; നാടകീയ നീക്കങ്ങളിൽ കുഴഞ്ഞ് തമിഴ് രാഷ്ട്രീയം
തമിഴ് രാഷ്ട്രീയത്തിൽ അത്യന്തം നാടകീയമായ വഴിത്തിരിവുകളാണ് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ പുലർച്ചെ നാലുമണിയോടെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിലൂടെ ഉണ്ടായത്. ബാലാജി എഐഎഡിഎംകെയിൽ ആയിരുന്ന കാലത്തെ കേസിലാണ് നടപടി. ഡിഎംകെ ശക്തമായ രാഷ്ട്രീയ നീക്കത്തിനുള്ള ഒരുക്കം നടത്തുമ്പോൾ കേന്ദ്രസർക്കാരിനും ബിജെപിക്കും ഗവർണർക്കും എതിരായ പോരാട്ടത്തിലെ പുതിയ ഏടാക്കി മാറ്റുകയാണ് ഈ സംഭവത്തെ സംസ്ഥാന സർക്കാർ.
വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ ഇഡി എത്തിയത് ചൊവ്വാഴ്ച രാവിലെയോടെയാണ്. വീട്ടിൽ മാത്രമല്ല സെക്രട്ടേറിയറ്റിലെ ഓഫീസിലും ഉച്ചയ്ക്കു ശേഷം ഉദ്യോഗസ്ഥർ എത്തി. പുലർച്ചെ നാലുമണിവരെ പരിശോധന നീണ്ടു. നാലുമണിക്ക് ചോദ്യം ചെയ്യാനായി സെന്തിൽ ബാലാജിയുമായി വാഹനം പുറപ്പെട്ടു. വാഹനത്തിലിരുന്ന് നെഞ്ചുവേദനകൊണ്ട് കരയുന്ന സെന്തിലിൻറെ ദൃശ്യവും ഈ സമയം പുറത്തുവന്നു.
കടുത്ത നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ സെന്തിലിനെ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയധമനികളിൽ മൂന്നു ബ്ലോക്കുകൾ കണ്ടെത്തിയെന്ന് ആശുപത്രിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അടിയന്തരമായി ബൈപാസ് നടത്തണം എന്നും ഡോക്ടർമാരുടെ നിർദേശം പിന്നാലെ വന്നു.
സെന്തിലിനെ സന്ദർശിക്കാൻ മുഖ്യന്ത്രി എംകെ സ്റ്റാലിനും മന്ത്രിമാരും ആശുപത്രിയിൽ എത്തിയെങ്കിലും കാത്തുനിന്ന മാധ്യമങ്ങളോട് പക്ഷേ, മുഖ്യമന്ത്രി പ്രതികരിച്ചില്ല. നിയമപരമായ നീക്കം പ്രഖ്യാപിച്ച് മുഖ്യന്ത്രി മൗനം പാലിക്കുകയാണ് എന്നായിരുന്നു വിശദീകരണം. അതിന് കോടതിയോടുള്ള ബഹുമാനം മാത്രമായിരുന്നില്ല കാരണം.
© Copyright - MTV News Kerala 2021
View Comments (0)