നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ കലാശ പോരാട്ടത്തില്‍. ശനിയാഴ്‌ച ഇന്ത്യന്‍ സമയം വൈകിട്ട് 8.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ജോര്‍ദാന്‍ ഖത്തറിനെ നേരിടും.
കരുത്തരായ ഇറാനെ 3-2 നു തോല്‍പ്പിച്ചാണു ഖത്തര്‍ ഫൈനലില്‍ കടന്നത്. ദക്ഷിണ കൊറിയയെ 2-0 ത്തിന് അട്ടിമറിച്ചാണു ജോര്‍ദാന്‍ ഏഷ്യന്‍ കപ്പിലെ കന്നി ഫൈനല്‍ കളിക്കുന്നത്‌്.
ദോഹയിലെ അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ഖത്തറും ഇറാനും തമ്മില്‍ നടന്ന സെമി ഫൈനല്‍ ഏറെ ആവേശകരമായി. ഖത്തര്‍ തുടര്‍ച്ചയായി രണ്ടാം തവണയാണു ഫൈനലിലെത്തിയത്. ഇറാനെതിരേ നിര്‍ണായക നിമിഷങ്ങളില്‍ ഖത്തര്‍ താരങ്ങളായ അക്രം അഫീഫും അല്‍മോസ് അലിയും കളിക്കളം ഇളക്കി മറിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെയും പ്രീ ക്വാര്‍ട്ടറില്‍ സിറിയയെയും തകര്‍ത്ത ഇറാന്‍ ഇന്നലെയും മികച്ച കളി പുറത്തെടുത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉസ്‌ബെക്ക്‌സ്ഥാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണു ഖത്തര്‍ സെമിയില്‍ കടന്നത്.
ഇറാനെതിരേ കടുത്ത മത്സരം നേരിടേണ്ടി വരുമെന്നു ഖത്തര്‍ കോച്ച് മാര്‍ക്വസ് ലോപസ് പ്രവചിച്ചിരുന്നു. അദ്ദേഹം പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ഇറാന്‍ മുന്നിലെത്തി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സര്‍ദാര്‍ അസ്‌മൗണിന്റെ തകര്‍പ്പന്‍ ഓവര്‍ ഹെഡ് കിക്ക് ഇറാനെ മുന്നിലെത്തിച്ചു. 17-ാം മിനിറ്റില്‍ ജാസം ഗാബര്‍ ക്ലീന്‍ ഫിനിഷ് ഖത്തറിനെ ഒപ്പമെത്തിച്ചു. അതോടെ അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുയര്‍ന്നു. ഒന്നാം പകുതി അവസാനിക്കും മുമ്പ് അക്രം അഫീഫ് ഖത്തറിന് ലീഡ് നല്‍കി. അഫീഫിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഇറാന്‍ പോസ്‌റ്റിന്റെ വലതു മൂലയിലേക്കു പറന്നിറങ്ങിയതോടെ സ്‌റ്റേഡിയത്തില്‍ കാതടപ്പിക്കുന്ന ഇരമ്പമുയര്‍ന്നു. ഈ ആരവം ഇറാന്റെ അമീര്‍ ഗലെനോയി അടക്കമുള്ളവരുടെ മിന്നലുകള്‍ മികച്ച നീക്കങ്ങള്‍ ഭേദിക്കാന്‍ ഖത്തറിന് ആവേശമായി. രണ്ടാം പകുതി തുടങ്ങി വൈകാതെ ഇറാന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. അഹമ്മദ് ഫാതിയുടെ അലിറേസ ജഹാന്‍ബക്ഷിനു മേലുള്ള ഫൗളിനായിരുന്നു പെനാല്‍റ്റി. നായകന്‍ കൂടിയായ അലിറേസയാണു സ്‌പോട്ട് കിക്കെടുത്തതും. ഖത്തര്‍ ഗോള്‍ കീപ്പര്‍ മെഷാല്‍ ബര്‍ഷാമിന് അവസരം നല്‍കാതെ പന്ത് വലയില്‍ കയറി. ഇറാന്റെ തുടരന്‍ ആക്രമണങ്ങളില്‍ പ്രകോപിതനായ ഖത്തര്‍ കോച്ച് മാര്‍ക്വസ് ലോപസിനു മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇറാന്‍ കോച്ച് ആമിര്‍ ഘാനെനോയി ശാന്തത വെടിയാതെ മത്സരം വീക്ഷിക്കുക മാത്രമാണു ചെയ്‌തത്. അവസാന 20 മിനിറ്റുകളില്‍ ഖത്തറും ഇറാനും ആക്രമണ,പ്രത്യാക്രമണങ്ങള്‍ തുടര്‍ന്നതോടെ കാണികള്‍ ആവേശത്തിന്റെ പരകോടിയിലായി. കളി തീരാന്‍ എട്ട് മിനിറ്റ് ശേഷിക്കേ അല്‍മോസ് അലി ഖത്തറിന്റെ വിജയ ശില്‍പ്പിയായി. അല്‍മോസിന്റെ മിന്നല്‍ വേഗത്തിലുള്ള ഷോട്ട് ഇറാന്‍ ഗോള്‍ കീപ്പര്‍ അലിറേസ ബെയ്‌റാന്‍വാദിന്റെ കണക്കുകൂട്ടലിന് അപ്പുറത്തായി. ഖത്തറിനെ 2019 ജേതാക്കളാക്കിയതും അല്‍മോസ് അലിയാണ്. മൂന്നുവട്ടം ചാമ്പ്യന്‍മാരായ ഇറാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. രണ്ടാം പകുതിയില്‍ 13 മിനിറ്റാണ് റഫറി ഇഞ്ചുറി ടൈം അനുവദിച്ചത്. വൈകാതെ ഷോജ ഖലീല്‍സാദെയ്‌ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ഇറാന്‍ പത്തു പേരായി ചുരുങ്ങി. ചരിത്രത്തില്‍ ആദ്യമായാണു ജോര്‍ദാന്‍ ഫൈനലില്‍ കളിക്കുന്നത്.
ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണു ജോര്‍ദാന്‍ തോല്‍പ്പിച്ചത്. യാസന്‍ അല്‍ നയ്‌മത്, മൂസ അല്‍ താമാരി എന്നിവരുടെ ഗോളുകളാണു ജോര്‍ദാനെ ജയിപ്പിച്ചത്. രണ്ടാം പകുതിയിലായിരുന്നു കൊറിയയുടെ രണ്ട് ഗോളുകളും പിറന്നത്. ദക്ഷിണ കൊറിയയുടെ വിഖ്യാത കോച്ച് യുര്‍ഗന്‍ ക്ലിന്‍സ്‌മാന്റെ ഒരു കിരീടം കൂടിയെന്ന മോഹമാണു ജോര്‍ദാന്‍ അട്ടിമറിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)