‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’, തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം.
കോഴിക്കോട്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടിയ അറ്റ്ലസ് രാമചന്ദ്രൻ (80) ഓർമ്മയായി. വർഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലുകളുമായി ജീവിച്ചുപോന്ന ആ പ്രവാസി വ്യവസായി ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ദുബായ് മങ്കൂളിലെ സ്വകാര്യ ആസ്പത്രിയിൽ മരിച്ചത്. വൈശാലി ഉൾപ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിർമ്മാതാവായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.
ഗൾഫ് നാടുകളിലെ പ്രശസ്തമായ അറ്റ്ലസ് ജ്യുവലറിയുടെ മാനേജിങ് ഡയറക്ടറായിരുന്ന രാമചന്ദ്രൻ പിന്നീട് അറ്റ്ലസ് രാമചന്ദ്രനായി മാറിയത് അദ്ദേഹത്തിന്റെ വ്യാപാര വിജയത്തെ തുടർന്നായിരുന്നു. സിനിമാ നിർമ്മാതാവ്, നടൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹത്തിന് ബിസിനസ്സിൽ വന്ന പിഴവുകളെ തുടർന്ന് 2015 ഓഗസ്റ്റിലാണ് ജയിലിലാവുന്നത്. രണ്ടേമുക്കാൽ വർഷത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായെങ്കിലും കോടികളുടെ കടബാധ്യതകൾ നിലനിൽക്കുന്നതിനാൽ ഇന്ത്യയിലേക്ക് വരാനായില്ല.
തന്റെ അററ്ലസ് വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള കാലമത്രയും അദ്ദേഹം. പക്ഷെ നല്ല പങ്കാളികളെ കിട്ടാത്തതിനാൽ ആ ശ്രമം വിജയം കണ്ടില്ല. തൃശൂർ സ്വദേശിയായ രാമചന്ദ്രൻ കേരളവർമ്മ കോളേജിൽ നിന്നും ബികോം പാസ്സായശേഷം ഇന്ത്യയിൽ ബാങ്കുദ്യോഗസ്ഥനായിരിക്കെയാണ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ ഓഫീസറായി ചേർന്നത്.
പിന്നീട് ഇന്റർനാഷണൽ ഡിവിഷൻ മാനേജരായി സ്ഥാനകയറ്റം നേടി. തുടർന്നാണ് സ്വർണ വ്യാപാരത്തിലേക്ക് കടക്കുന്നത്. കുവൈറ്റിൽ ആറ് ഷോറൂമുകൾ വരെയായി വ്യാപാരം വ്യാപിപ്പിച്ചു. എന്നാൽ 1990 ഓഗസ്റ്റ് 2 നാണ് സദാം ഹുസൈൻ കുവൈറ്റിൽ അധിനിവേശം നടത്തിയതോടെ എല്ലാം കൊള്ളയടിക്കപ്പെട്ടു. തുടർന്നാണ് അദ്ദേഹം ദുബായിലെത്തുന്നത്. പിന്നീട് ദുബായിൽ ആദ്യ ഷോറൂം തുറന്നു. പിന്നീട് യുഎഇയിൽ 19 ഷോറൂമുകൾ വരെയായി. മറ്റുരാജ്യങ്ങളിലേക്കും വ്യാപാരം വർദ്ധിപ്പിച്ചു.
എന്നാൽ ഇതിനിടയിലാണ് ചില ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ രൂപമെടുത്തത്. 2015 ആഗസ്റ്റ് 23 ന് ഇതിനായി ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം കസ്റ്റഡിയിലായി. പിന്നീട് ജയിൽ ശിക്ഷയും നേരിടേണ്ടി വന്നു. നിയമപോരാട്ടങ്ങൾക്കും ബാങ്കുകളുമായുള്ള ചർച്ചകൾക്കും ഒടുവിൽ രണ്ടേ മുക്കാൽ വർഷത്തിന് ശേഷമാണ് അദ്ദേഹം പിന്നീട് പുറം ലോകം കാണുന്നത്. അപ്പോഴേക്കും മിക്കവാറും സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു. മസ്കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു തൽക്കാലം ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീർത്തത്.
യുഎഇ യിലുള്ള ഷോറൂമുളിലെ സ്വർണ്ണമെല്ലാം അതിനിടെ പല രീതിയിൽ കൈമോശം വന്നു. പുറത്തിറങ്ങിയ ശേഷവും തന്റെ അറ്റ്ലസിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ആത്മകഥ എഴുതിയും അക്ഷരശ്ലോകത്തിലൂടെ സന്തോഷം കണ്ടെത്തിയും തന്റെ പ്രയാസങ്ങളെ മറികടക്കാൻ ശ്രമിച്ച അദ്ദേഹം ദുബായിലെ പൊതു വേദികളിലും സാംസ്കാരിക സദസ്സുകളിലുമെല്ലാം ഏറെ സജീവമായി പങ്കെടുത്തുവരികയായിരുന്നു. പ്രശ്നങ്ങളെല്ലാം തീർത്ത് എന്നെങ്കിലും തന്റെ സ്വന്തം തൃശൂരിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം.
© Copyright - MTV News Kerala 2021
View Comments (0)