അവതാര്‍ 2വിന് വിലക്ക്; കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്

MTV News 0
Share:
MTV News Kerala

ജയിംസ് കാമറൂണിന്റെ അവതാര്‍ 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്.വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതാണ് സിനിമ വിലക്കാന്‍ കാരണം. ചിത്രം റിലീസ് ചെയ്യുന്ന ആദ്യ വാരം തിയറ്റര്‍ വിഹിതത്തിന്റെ അറുപത് ശതമാനം വേണമെന്നാണ് വിതരണക്കാരുടെ ആവശ്യം. അതേസമയം 55 ശതമാനത്തിനു മുകളില്‍ വിഹിതം നല്‍കാനാകില്ലെന്നാണ് തിയറ്റര്‍ ഉടമകളുടെ നിലപാട്.

ഡിസംബര്‍ 16നാണ് ചിത്രം ലോകമെമ്ബാടും റിലീസിനെത്തുന്നത്. ‌ഡിസ്നി കമ്ബനിയാണ് ചിത്രം കേരളത്തിലും വിതരണത്തിനെത്തിക്കുന്നത്. ആദ്യഭാഗം റിലീസ് ചെയ്ത് 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. സാം വര്‍തിങ്ടണ്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാങ്, മാട്ട് ജെറാള്‍ഡ്, ക്ലിഫ് കര്‍ടിസ്, കേറ്റ് വിന്‍സ്‌ലെറ്റ് എന്നിവരാണ് പ്രധാന താരങ്ങള്‍. കടലിനുള്ള ഒരു പ്രണയലേഖനമാണ് രണ്ടാം ഭാഗം.

നീല മനുഷ്യര്‍ അധിവസിക്കുന്ന പാന്‍ഡോറ എന്ന ഗ്രഹത്തെക്കുറിച്ചാണ് 2009ല്‍ പുറത്തുവന്ന അവതാര്‍ ആദ്യ ഭാഗം പറഞ്ഞത്. ‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂണ്‍ മുമ്ബ് പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങളോളം അഭിനേതാക്കളെ പരിശീലിപ്പിച്ചും സാങ്കേതിക ഗവേഷണം നടത്തിയതിനും ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാര്‍ 2ന്റെ ചിത്രീകരണം.