തളിയിലും കുറ്റിച്ചിറയിലും സൗന്ദര്യവല്ക്കരണ പ്രവർത്തികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു – മന്ത്രിമാർ പ്രവർത്തന പുരോഗതി വിലയിരുത്തി
ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ജില്ലയിലെ പൈതൃക സാംസ്‌കാരിക കേന്ദ്രങ്ങളായ തളിയിലും കുറ്റിച്ചിറയിലും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പു മന്ത്രി
അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി. നിര്‍മ്മാണപ്രവൃത്തികള്‍ സംബന്ധിച്ച് വിശദീകരണം നല്‍കി.
സാമൂതിരി കാലഘട്ടത്തിന്റെ ചരിത്രം പേറുന്ന തളിക്ഷേത്രക്കുളവും ചുറ്റുമതിലും രണ്ടുകോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. ഇതില്‍ ഒരു 1.25 കോടി രൂപ ഡി.ടി.പി.സിയും 75 ലക്ഷം രൂപ എം.എല്‍.എ ഫണ്ടുമാണ്. കോഴിക്കോടിന്റെ പൈതൃകത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഗമാണ് തളിക്ഷേത്രം. ഈ പൈതൃകം കാത്തുസൂക്ഷിക്കാനാണ് തളി ടൂറിസം പദ്ധതി ലക്ഷ്യമിടുന്നത്. നവീകരണ ജോലികളുടെ 80 ശതമാനവും പൂര്‍ത്തിയായി. കോഴിക്കോടിന്റെയും സാമൂതിരി രാജവംശത്തിന്റേയും കഥ പറയുന്ന ചരിത്ര മ്യൂസിയവും ക്ഷേത്രത്തിലെ ആല്‍ത്തറയ്ക്കു സമീപം ഒരുക്കുന്നുണ്ട്. കുളത്തിനു സമീപം ഇരിപ്പിടങ്ങളോടുകൂടിയ ചെറിയ ചുമരുകള്‍ നിര്‍മിച്ച് സാമൂതിരി രാജ വംശത്തിന്റെ ചരിത്രം കൊത്തിയെടുത്തിട്ടുണ്ട്. സാമൂതിരിയുടെ അരിയിട്ടുവാഴ്ച, രേവതി പട്ടത്താനം, മാമാങ്കം, ബ്രാഹ്മണസദ്യ, കൃഷ്ണനാട്ടം തുടങ്ങി എട്ടു വിഷയങ്ങള്‍ നിറയുന്ന ഈ ചുമരുകള്‍ക്ക് പിന്നില്‍ ചെറുവിവരണങ്ങളും ഉള്‍പ്പെടുത്തും. സ്റ്റേജും അതിനോടു ചേര്‍ന്ന് എല്‍ഇഡി ചുമരും ശബ്ദ-വെളിച്ച സംവിധാനവും ഒരുക്കും. ആല്‍ത്തറ, കുളക്കടവ്, കുളപ്പുര, ആറാട്ട്കടവ് എന്നിവയും തളി പൈതൃക ടൂറിസം പദ്ധതിയിലൂടെ നവീകരിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട് സസ്യോദ്യാനവും ഭിന്നശേഷി സൗഹൃദ നടപ്പാതയും സജ്ജീകരിക്കും.
രണ്ടു കോടി രൂപ ചെലവിലാണ് കുറ്റിച്ചിറ കുളം നവീകരിക്കുന്നത്. 1.25 കോടി രൂപ ഡി.ടി.പി.സിയും 75 ലക്ഷം രൂപ എം.എല്‍.എ ഫണ്ടുമാണ്. പൈതൃക രീതിയിലാണ് നവീകരണം. കുളത്തിനു സമീപമുള്ള പാര്‍ക്ക് നവീകരണപ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുളത്തിനു ചുറ്റുമായി നടപ്പാതകള്‍ ഒരുക്കുന്നുണ്ട്. ഇതുവഴി സഞ്ചാരികള്‍ക്ക് കുളം ചുറ്റിനടന്ന് കാണാനാവും. ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.മൊയ്തീന്‍ കോയ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)