മാവൂർ: സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഡിസംബർ 28 ന് ചൊവ്വാഴ്ച മാവൂരിൽ വെച്ചു നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാരക രോഗങ്ങൾക്ക് അടിമപ്പെട്ടവർ, മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, പ്രായാധിക്യം മൂലം കിടപ്പിലായവർ തുടങ്ങി സമൂഹത്തിലെ നിരാലംബരായവർക്ക് താങ്ങും തണലുമായി കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലമായി മാവൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന പ്രസ്ഥാനമാണ് സാന്ത്വനം പാലിയേറ്റീവ് കെയർ.
മാവൂരിലും പരിസര പ്രദേശങ്ങളിലുമായി ഇരുന്നൂറിലധികം കിടപ്പുരോഗികൾക്ക് സാന്ത്വനമേകിക്കൊണ്ടിരിക്കുന്നതോടൊപ്പം ഓരോ വർഷത്തിലും
ലക്ഷക്കണക്കിന് രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സുമനസ്സുകളുടെ അകമഴിഞ്ഞ സഹായം കൊണ്ടും പിന്തുണ കൊണ്ടും മാത്രമാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നതെന്നും അവർ പറഞ്ഞു.
ഇക്കഴിഞ്ഞ കോവിഡ് കാലത്ത് അമ്പതോളം പേർക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് നൽകാനായി. അതോടൊപ്പം തന്നെ ഓരോ വിശേഷ സമയങ്ങളിലും ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭക്ഷണങ്ങളും വസ്ത്രങ്ങളുമുൾപ്പെടെ സഹായങ്ങളും നൽകി വരുന്നുണ്ടെന്നും അവർ പറഞ്ഞു.
പള്ളികൾ, അമ്പലങ്ങൾ, മറ്റു പൊതു ഇടങ്ങൾ തുടങ്ങി ആളുകൾ കൂടുന്നയിടങ്ങളിൽ നിന്നെല്ലാമാണ് പ്രധാനമായും സംഭാവനകൾ സ്വീകരിച്ച് പോന്നിരുന്നത്. എന്നാൽ കോവിഡ് മഹാമാരി സമൂഹത്തിനാകെ വരുത്തി വെച്ച ദുരിതം തങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും ഇക്കാരണങ്ങൾ കൊണ്ടുതന്നെ മൂന്നു ലക്ഷത്തോളം രൂപ ഇന്ന് സാന്ത്വനം പാലിയേറ്റീവ് കെയറിന് ബാധ്യത വന്നിരിക്കുകയാണെന്നും അവർ പറഞ്ഞു.
നിലവിലെ കടബാധ്യത പരിഹരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി ഫണ്ട് സ്വരൂപിക്കേണ്ടതുണ്ട്. ഈ ആവശ്യം മുൻനിർത്തിയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഒരു ബിരിയാണിക്ക് നൂറ് രൂപയാണ് സംഭാവനയായി സ്വീകരിക്കുന്നതെന്നും മുഴുവൻ ജനങ്ങളുടെയും സഹകരണം ബിരിയാണി ചലഞ്ചിനുണ്ടാവണമെന്നും അവർ അഭ്യർത്ഥിച്ചു.
വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പുലപ്പാടി ഉമ്മർ മാസ്റ്റർ, കൺവീനർ വിച്ചാവ മാവൂർ, എൻ.പി അഹമ്മദ്, കെ.വി ഷംസുദ്ധീൻ ഹാജി, എം ഉസ്മാൻ, ഓനാക്കിൽ ആലി, ജാഫർ കെ എന്നിവർ പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)