ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍

MTV News 0
Share:
MTV News Kerala

സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍. കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് നേതാക്കള്‍ അവകാശപ്പെടുമ്പോള്‍, പക്ഷേ രാഷ്ട്രീയ നിറം കൂടിയാണ് ഈസ്റ്റര്‍ ദിനത്തിലെ കൂടികാഴ്ചകള്‍ നല്‍കുന്നത്. ബിജെപി രാജ്യ വ്യാപകമായി നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ബിജെപി നേതാക്കന്മാര്‍ ക്രൈസ്തവ ദേവാലയങ്ങളിലും സഭ അധ്യക്ഷന്‍മാരുമായും കൂടിക്കാഴ്ച നടത്തിയത്.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി മുരളീധരന്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ സഭാ ആസ്ഥാനത്തെത്തി കണ്ടു. അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടെങ്കിലും സൗഹൃദസന്ദര്‍ശനം എന്നത് മാത്രമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ബിജെപി ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ ക്രൈസ്തവരുടെ വീടുകളും സന്ദര്‍ശിച്ചു.

കണ്ണൂരില്‍ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പിയെ അനുകൂലിച്ചുള്ള ബിഷപ്പിന്റെ പ്രസ്താവനയിലുള്ള പ്രതീക്ഷ പി.കെ കൃഷ്ണദാസ് പങ്കുവച്ചത് കൂടിക്കാഴ്ചയുടെ രാഷ്ട്രീയ മുഖം തുറന്നുകാട്ടി.

കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെയും ബി.ജെ.പി നേതാക്കളുടെ സംഘം സന്ദര്‍ശിച്ചു. ദീര്‍ഘനേരം നേതാക്കളും ബിഷപ്പുമായി കൂടിക്കാഴ്ച്ച നീണ്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവരെ കൈപ്പിടിയിലാക്കാനുള്ള ഒരു നീക്കം കൂടിയാണ് ബിജെപി ഈസ്റ്റര്‍ ദിനത്തില്‍ നടത്തുന്നത് എന്നതാണ് രാഷ്ട്രീയ വിലയിരുത്തല്‍ .