കെയർ വെൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടന്നു
കോഴിക്കോട് : കെയർ വെൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടന്നു. സൊസൈറ്റി ഓഫീസ് ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ നടത്തി.
ജീവകാരുണ്യ രംഗത്തെ ഇത്തരം സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ഇത് അനിവാര്യമായ ഒരു ചുവടുവെപ്പാണ്. കിഡ്‌നി രോഗികളും കാൻസർ രോഗികളും വർധിച്ചുവരികയാണ്. ഓരോ വീട്ടിലും ഒരു രോഗിയുണ്ട് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കെയർവെൽ ചാരിറ്റബിൾ സൊസൈറ്റിയെപ്പോലുള്ളവയുടെ സേവനം മഹത്തരമാകുന്നതെന്നും എംഎൽഎ പറഞ്ഞു.
ചാത്തമംഗലം കുറ്റിക്കുളത്ത് നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് പി.പി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് മുഖ്യാതിഥിയായിരുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം ശിവദാസൻ ബംഗ്ലാവിൽ, എം.സി.എച് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുൾ മജീദ്, സക്കറിയ പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു.
കിടപ്പിലായ രോഗികൾക്കുള്ള വീൽചെയറുകൾ എംഎൽഎ വിതരണം ചെയ്തു. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി. പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം രാജേന്ദ്രൻ വെള്ളാപ്പാലത്ത് നിർവഹിച്ചു. സെക്രട്ടറി ലത്തീഫ് കുറ്റിക്കുളം സ്വാഗതവും സലാം ചിറ്റാരിപ്പിലാക്കൽ നന്ദിയും പറഞ്ഞു. അബ്ദുറഹ്മാൻ പുലപ്പാടി, അബ്ദുല്ല അരയങ്കോട്, ഗിരീഷ് പി.കെ, ഹബീബ് കളത്തിങ്ങൽ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
© Copyright - MTV News Kerala 2021
View Comments (0)