രൂപം മാറ്റിയ ബൈക്കുകളില്‍ അഭ്യാസം; 53 വാഹനങ്ങള്‍ പിടിയിൽ, 6.37 ലക്ഷം പിഴ

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളില്‍ അമിത വേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. പൊലീസും മോട്ടര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്

തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക പിഴയായി ഈടാക്കിയത് – 1,66,500 രൂപ. വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്തു. ട്രാഫിക്ക് വിഭാഗം ഐജി എ.അക്ബറിന്‍റെ നിർദേശപ്രകാരം സൗത്ത് സോണ്‍ ട്രാഫിക് എസ്പി എ.യു.സുനില്‍ കുമാര്‍, നോര്‍ത്ത് സോണ്‍ ട്രാഫിക്ക് എസ്പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്.അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ കണ്ടെത്തി അവയില്‍നിന്ന് ഇരുചക്ര വാഹനങ്ങളെയും അവയുടെ ഉടമകളെയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്