ചെള്ളുപനി എന്താണ്?എങ്ങനെ പ്രതിരോധിക്കാം…നോക്കാം

MTV News 0
Share:
MTV News Kerala

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് ചെള്ളുപനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്കെറ്റ്സിയേസി കുടുംബത്തില്‍പ്പെടുന്ന പ്രോട്ടിയോബാക്ടീരിയം ഒറെന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. ഒരിനം ടൈഫസ് പനിയാണിത്. എലികള്‍ പോലുള്ള സസ്തനികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാല്‍ ഈ രോഗം പിടിപെടും.

ലക്ഷണങ്ങള്‍
പനി, തലവേദന, ചുമ, പേശി വേദന, ദഹന പ്രശ്നങ്ങള്‍, ശരീരം വിറയല്‍ എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങള്‍. രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ല്യൂക്കോപീനിയയും (വെളുത്ത രക്താ
ണുക്കളുടെ കുറവ്), അസാധാരണമായ കരള്‍ പ്രവര്‍ത്തനങ്ങളും കാണപ്പെടുന്നു. ചെള്ള് കടിച്ചാല്‍ന്യൂമോണിറ്റിസ്, എന്‍സെഫലൈറ്റിസ്, മയോകാര്‍ഡിറ്റിസ് എന്നിവ രോഗത്തിന്റെ അവസാനഘട്ടത്തിലാണ് കാണാന്‍ കഴിയുന്നത്.

രോഗം കണ്ടെത്തി തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കുക എന്നതാണ് ചെള്ളുപനി മൂലമുള്ള മരണമില്ലാതാക്കാനുള്ള വഴി. വളര്‍ത്തുമൃഗങ്ങളില്‍ ചെള്ളുണ്ടെങ്കില്‍ ഒഴിവാക്കുക, എലികളില്‍ നിന്നുള്‍പ്പെടെ ചെള്ള് കടിയേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ചെള്ള് പനിയെ അകറ്റിനിര്‍ത്താനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍.

ഡോക്സിസൈക്ലിന്‍ ആന്റിബയോട്ടികിലൂടെ ചെള്ള് പനി ചികിത്സിക്കാം. ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ ആന്റിബയോട്ടിക് ഉപയോഗിക്കാവുന്നതാണ്. രോഗലക്ഷണങ്ങള്‍ ആരംഭിച്ചയുടനെ മരുന്ന് നല്‍കുന്നതാണ് ഏറ്റവും ഉചിതം.രോഗം തടയാന്‍ വാക്സിനുകള്‍ ലഭ്യമല്ല

കാരണം
കനത്ത സസ്യജാലങ്ങളുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചില ഇനം ചെള്ളുകള്‍ (‘ചിഗ്ഗേഴ്‌സ്’, പ്രത്യേകിച്ച് ലെപ്‌റ്റോട്രോംബിഡിയം ഡിലിയന്‍സ) ആണ് സ്‌ക്രബ് ടൈഫസ് പകര്‍ത്തുന്നത്. രോഗം ബാധിച്ച എലികളെ കടിക്കുന്ന ചെള്ളുകള്‍ രോഗം മറ്റ് എലികളിലേക്കും മനുഷ്യരിലേക്കും (മനുഷ്യരെ ചെള്ള് കടിക്കുമ്പോള്‍) രോഗം പകര്‍ത്തുന്നു.

പ്രതിരോധം
ചെള്ള് വഴി പകരുന്ന രോഗമായതിനാല്‍ കുറ്റിക്കാടുകള്‍ വെട്ടി തെളിക്കല്‍, ചെള്ളിനെ നശിപ്പിക്കാനുള്ള സ്‌പ്രേയിങ്, എലിനിയന്ത്രണം എന്നിവയിലൂടെ രോഗം പ്രതിരോധിക്കാന്‍ കഴിയും.

ചികിത്സ
ചികിത്സിച്ചില്ലെങ്കില്‍ രോഗം മാരകമാകുകയും മരണത്തിന് കാരണമാകുകയും ചെയ്യും. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം മൂലം മരണങ്ങള്‍ 4-40% ല്‍ നിന്ന് 2% ല്‍ താഴെയായി കുറഞ്ഞു. സാധാരണയായി ഉപയോഗിക്കുന്ന മരുന്ന് ഡോക്‌സിസൈക്ലിന്‍ അല്ലെങ്കില്‍ ടെട്രാസൈക്ലിന്‍ ആണ്, ഇതിന് ബദലായി ഉപയോഗിക്കുന്ന മറ്റൊരു മരുന്നാണ് ക്ലോറാംഫെനിക്കോള്‍. ഡോക്‌സിസൈക്ലിന്‍, ക്ലോറാംഫെനിക്കോള്‍ എന്നിവയെ പ്രതിരോധിക്കുന്ന സ്‌ട്രെയിന്‍ വടക്കന്‍ തായ്ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിഫാംപിസിന്‍, അസിത്രോമൈസിന്‍ എന്നിവയാണ് ഇതര മരുന്നുകള്‍. കുട്ടികളിലും സ്‌ക്രബ് ടൈഫസ് ഉള്ള ഗര്‍ഭിണികളിലും ഡോക്‌സിസൈക്ലിന്‍ പ്രതിരോധം സംശയിക്കപ്പെടുമ്പോള്‍ അസിത്രോമൈസിന്‍ ഒരു ബദലാണ്. പ്രസവവും ഗര്‍ഭം അലസലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഗര്‍ഭകാലത്ത് സിപ്രോഫ്‌ലോക്‌സാസിന്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയില്ല. സാധ്യമായ പ്രതികൂലത കാരണം ഡോക്‌സിസൈക്ലിന്‍, റിഫാംപിസിന്‍ കോമ്പിനേഷന്‍ തെറാപ്പിയും ശുപാര്‍ശ ചെയ്യുന്നില്ല.