ചെത്തുകടവ് പാലം സർവീസ് റോഡ് നവീകരണത്തിന് 27.55 ലക്ഷത്തിൻ്റെ ഭരണാനുമതി

MTV News 0
Share:
MTV News Kerala

ചെത്തുകടവ് മുഹമ്മദ് അബ്ദുറഹ്മാൻ ബ്രിഡ്ജിൻ്റെ സർവീസ് റോഡ് നവീകരണത്തിന് 27.55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎൽഎ അറിയിച്ചു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി താമരശ്ശേരി വരിട്ടിയാക്കിൽ സിഡബ്ല്യുആർഡിഎം  റോഡ് പ്രവൃത്തി പൂർത്തീകരിച്ചതോടെ വരിട്ടിയാക്കിൽ ജംഗ്ഷനിലുണ്ടായ തിരക്ക് കുറക്കുന്നതിന് ചെത്തുകടവ് പാലത്തിലേക്കുള്ള സർവീസ് റോഡ് ബൈപാസാക്കി വികസിപ്പിക്കണമെന്ന് ജനപ്രതിനിധികളും പ്രദേശവാസികളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ച് പാലത്തിനോട് ചേർന്നുള്ള റോഡിൻ്റെ വശം ബലപ്പെടുത്തുകയും റോഡിൻ്റെ വീതി കൂട്ടി നവീകരിക്കുകയും ചെയ്യുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളതെന്നും ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും പിടിഎ റഹീം എംഎൽഎ പറഞ്ഞു.