കാരശ്ശേരി: ഒരു പാലത്തിൽ അപകടമൊഴിവാക്കാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചാൽമാത്രം മതിയോയെന്നാണ് മുക്കം-കൊടിയത്തൂർ-ചെറുവാടി റോഡിലെ യാത്രക്കാരും കാരശ്ശേരി, കക്കാട് പ്രദേശക്കാരും ചോദിക്കുന്നത്. കാരണം ഈ റോഡിലെ ചീപ്പാൻകുഴിയിലുള്ള അപകടക്കെണിയായ പാലത്തിൽ ഏഴുവർഷത്തിലധികമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചാണ് അപകടങ്ങളുണ്ടാവാതെ നോക്കുന്നത്.
വീതിയുള്ള റോഡിൽ കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയതും പഴക്കംചെന്ന് തകർച്ചാഭീഷണിയിലുമായ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം പരിഗണന കിട്ടാതെ രണ്ടുദശകം പിന്നിടുന്നു.
ഇത്തവണത്തെ ബജറ്റിലും ചീപ്പാൻകുഴിപ്പാലത്തിന് ഇടംകിട്ടിയില്ല. ഈ റൂട്ടിൽ ചീപ്പാൻകുഴിപ്പാലവും കക്കാട് കോട്ടമുഴിപ്പാലവും ഒരേപോലെ തകർച്ചാഭീഷണിയിലാണ്. കരിങ്കൽക്കെട്ടു തകർന്ന് കോട്ടമുഴിപ്പാലം ഇടിഞ്ഞനിലയിലാണ്. ഇത്തവണത്തെ ബജറ്റിൽ ഈ പാലത്തിന് നാലുകോടി വകയിരുത്തിയിട്ടുണ്ട്.
ഒരുകിലോമീറ്റർ അകലെ അതേ റൂട്ടിൽ അതിലേറെ അപകടസാധ്യതയിലായിട്ടും ചീപ്പാൻകുഴിപ്പാലം ഇത്തവണയും ബജറ്റിനുപുറത്തായി. റോഡ് വീതികൂട്ടിയതോടെയാണ് ചീപ്പാൻകുഴിയിൽ അപകടം വർധിച്ചത്. വളവിൽ സ്ഥിതിചെയ്യുന്ന പാലത്തിലെത്തുമ്പോൾ വീതിയില്ലാത്തതിനാൽ തോട്ടിൽ വീഴുന്നതാണ് പ്രധാന അപകടം. പാലത്തിന്റെ അടിയിലെ കരിങ്കൽക്കെട്ടുകൾ തകർന്നുതുടങ്ങിയിട്ട് 20 വർഷത്തോളമായി. അടിയിൽ കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തായനിലയിലാണ്. അപകടത്തിൽപ്പെടുന്നവരുടെ ദയനീയാവസ്ഥ കണ്ടും ആശുപത്രിയിലെത്തിക്കുന്നത് സ്ഥിരംജോലിയായപ്പോഴുമാണ് പാലത്തിന്റെ രണ്ടറ്റത്തും അപകടമുന്നറിയിപ്പായി കുറെ ബോർഡുകൾ സ്ഥാപിച്ച് അപകടം ഒഴിവാക്കാൻ നാട്ടുകാർ വഴിതേടിയത്.
വിദ്യാർഥികൾക്കും പാലവും ഇടുങ്ങിയ റോഡും ഭീഷണിയായതിനാൽ കാരശ്ശേരി എച്ച്.എൻ.സി.കെ.എം. എ.യു.പി. സ്കൂൾ അധ്യാപകരും പി.ടി.എ. കമ്മിറ്റിയും ആർ.ടി.ഒ.യെ സമീപിച്ചതിനെത്തുടർന്ന് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. പി.എം. ഷബീർ 2019 ഡിസംബറിൽ സ്ഥലം സന്ദർശിച്ചിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)