കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം തുടങ്ങി; നേതൃത്വത്തെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ
ന്യൂഡല്‍ഹി | അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ നിലംപരിശായതിന് ശേഷം കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് വൈകിട്ട് നാല് മണിക്ക് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തെ എതിര്‍ത്തും അനുകൂലിച്ചും നിലപാടുകള്‍ ഉയരുന്നുണ്ട്.
പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന ഗാര്‍ഖെ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ യോഗ വേദിക്ക് പുറത്ത് നേതൃത്വത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവര്‍ത്തകര്‍ ഒത്തുകൂടി. രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് യോഗത്തിന് മുമ്പായി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനെ മാത്രമല്ല, എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന കണ്ണിയാണ് ഗാന്ധി കുടുംബമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീനിവാസ് ബി വി അഭിപ്രായപ്പെട്ടു. അതേസമയം, ജി-23 സംഘം എന്നറിയപ്പെടുന്ന മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മ നേതൃമാറ്റം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. മുകുള്‍ വാസ്‌നിക്കിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന നിലപാടാണ് ഇവരുടെത്.
© Copyright - MTV News Kerala 2021
View Comments (0)