തിരുവനന്തപുരം: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നതോടെ കേരളത്തിലും ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധർ. രാജ്യത്ത് ഈ മാസം റിപ്പോർട്ട് ചെയ്ത കേസുകളിൽ കേരളം ഏറെ മുന്നിലാണ്. ഡൽഹിയും മഹാരാഷ്ട്രയുമാണ് കോവിഡ് കുടൂതലുള്ള മറ്റു സംസ്ഥാനങ്ങൾ. ഒറ്റ ദിവസം കൊണ്ടാണ് 30 ശതമാനം വർധന. കേരളത്തിൽ സജീവ രോഗികൾ 16,308 ആണ്. മാർച്ച് ഒന്നിന് ഇത് 475 ആയിരുന്നു.
ഏപ്രിലിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ പകുതി മാത്രമാണ് തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ. കേരളം 16,000 കടന്നെങ്കിൽ മഹാരാഷ്ട്രയിൽ എണ്ണായിരത്തിലധികം. രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലും രോഗികൾ കൂടുകയാണ്. പരിശോധന സാമ്പിളിൽ 50 ശതമാനത്തിലും ഒമിക്രോൺ ഉപവകഭേദമായ എക്സ്.ബി.ബി 1.16 കണ്ടെത്തി.
കഴിഞ്ഞമാസം 36 ശതമാനമായിരുന്നു. വൈറസ് അതിവേഗം വ്യാപിക്കുന്നതിന്‍റെ സൂചനയാണിത്. എന്നാൽ, ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നിട്ടില്ല. അടുത്ത 10 ദവിസം വരെ വ്യാപനത്തോത് ഉയർന്നുനിൽക്കാമെന്നാണു വിലയിരുത്തൽ. ആൾക്കൂട്ടവും തിരക്കും കൂടുന്ന ഉത്സവ സീസണിൽ കോവിഡ് കേസ് കൂടാറുണ്ടെന്നതാണ് കേരളത്തിലെ യാഥാർഥ്യം. വിഷുവും പെരുന്നാളും ഒന്നിച്ചെത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
© Copyright - MTV News Kerala 2021
View Comments (0)