രണ്ടോവർ, രണ്ട് റൺ, മൂന്ന് വിക്കറ്റ്. മുറിഞ്ഞാലും മുറികൂടുന്ന ഓസീസ് ശൗര്യമായിരുന്നു ആ ഘട്ടത്തിൽ ചെപ്പോക്കിലെ സ്‌റ്റേഡിയം കണ്ടത്. കാണികൾ നിശബ്‌ദരായി. ആരവം കെട്ടടങ്ങി. എന്നാൽ, നിശബ്‌ദതയ്‌ക്കപ്പുറം ഒരു സംഗീതം മുഴങ്ങി. സമ്മർദഘട്ടത്തിൽ ഉയരുന്ന വീരനായകരായി വിരാട് കോഹ്‌ലിയും കെ എൽ രാഹുലും. അതിൽ മുഴങ്ങി ഇന്ത്യയുടെ ലോകകപ്പ് കാഹളം.മൂന്ന് വിക്കറ്റുമായി രവീന്ദ്ര ജഡേജ നയിച്ച പോരാട്ടത്തിന് കോഹ്‌ലിയും രാഹുലും ചേർന്ന് പൂർണത നൽകിയപ്പോൾ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യകളിയിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. സ്‌കോർ: ഓസീസ് 199 (49.3), ഇന്ത്യ 201–-4 (41.2).
രാഹുൽ 115 പന്തിൽ 97 റണ്ണുമായി പുറത്തായില്ല. സിക്‌സറടിച്ച് രാഹുൽ വിജയമൊരുക്കുമ്പോൾ ഹാർദിക് പാണ്ഡ്യയായിരുന്നു(11) കൂട്ട്. കോഹ്‌ലി 116 പന്തിൽ 85 റണ്ണെടുത്തു.
രോഹിത് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ റണ്ണെടുക്കാതെയാണ് പുറത്തായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസീസിനായി സ്‌റ്റീവ് സ്‌മിത്തും (46) ഡേവിഡ് വാർണറുമാണ് (41) പൊരുതാനുള്ള സ്‌കോർ കണ്ടെത്തിയത്.
© Copyright - MTV News Kerala 2021
View Comments (0)