ന്യൂസിലന്‍ഡിന്‌ ഇന്നു നിര്‍ണായക മത്സരം

MTV News 0
Share:
MTV News Kerala

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ന്യൂസിലന്‍ഡിന്‌ ഇന്നു നിര്‍ണായക മത്സരം. ശ്രീലങ്കയ്‌ക്കെതിരേ ഇന്നു നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ അവര്‍ക്കു സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താനാകു.
നിലവില്‍ നാലാം സ്‌ഥാനത്തുള്ള ന്യൂസിലന്‍ഡിന്‌ പാകിസ്‌താനും അഫ്‌ഗാനിസ്‌ഥാനും ഭീഷണിയാണ്‌. മൂവര്‍ക്കും എട്ട്‌ പോയിന്റ്‌ വീതമാണ്‌. പാകിസ്‌താനും അഫ്‌ഗാനും അവസാന എതിരാളികള്‍ ഇംഗ്‌ളണ്ടും ദക്ഷിണാഫ്രിക്കയുമാണ്‌. ലങ്കയ്‌ക്കെതിരേ മികച്ച മാര്‍ജിനില്‍ ജയിച്ച്‌ നെറ്റ്‌ റണ്‍ റേറ്റ്‌ നിലനിര്‍ത്തുകയാണു ന്യൂസിലന്‍ഡിന്റെ ലക്ഷ്യം. പത്തു പോയിന്റും അതിനൊത്ത റണ്‍റേറ്റുമുണ്ടെങ്കില്‍ അവര്‍ക്കു നാലാം സ്‌ഥാനം ഉറപ്പ്‌.
ബാറ്റിങ്ങില്‍ സ്‌ഥിരതയുണ്ടെങ്കിലും സമ്മര്‍ദങ്ങളില്‍ പതറുന്ന ബൗളര്‍മാരാണു തലവേദന. പാകിസ്‌താനെതിരേ നടന്ന മത്സരത്തില്‍ 400 അടിച്ചെടുത്തെങ്കിലും ജയിക്കാനായില്ല. ഫഖര്‍ സമാന്‍ കിവീസ്‌ ബൗളര്‍മാരെ അടിച്ചു പറത്തി. പാര്‍ട്ട്‌ ടൈം ഓഫ്‌ സ്‌പിന്നര്‍ ഗ്‌ളെന്‍ ഫിലിപ്‌സിനെ അമിതമായി ആശ്രയിക്കേണ്ടി വരുന്നുണ്ട്‌. മികച്ച ബൗളിങ്‌ പുറത്തെടുക്കുന്ന ഇടംകൈയന്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ മാത്രമാണ്‌ അപവാദം.
മധ്യ ഓവറുകളിലും അവസാന ഓവറുകളിലുമാണ്‌ കിവീസ്‌ ബൗളര്‍മാര്‍ പതറുന്നത്‌. പരുക്കും അവര്‍ക്ക്‌ ഭീഷണിയാണ്‌. നായകന്‍ കെയ്‌ന്‍ വില്യംസണ്‍ പരുക്കുമായാണു കളിക്കുന്നത്‌. ജിമ്മി നീഷാം, മാറ്റ്‌ ഹെന്റി, ലൂകി ഫെര്‍ഗുസണ്‍ എന്നിവര്‍ക്കും പൂര്‍ണമായ കായിക ക്ഷമതയില്ല. തുടര്‍ച്ചയായ നാല്‌ മത്സരങ്ങളിലാണു കെയ്‌ന്‍ വില്യംസണ്‍ പുറത്തിരുന്നത്‌. എട്ട്‌ മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച ശ്രീലങ്ക ന്യൂസിലന്‍ഡിന്റെ വഴി മുടക്കാമെന്ന പ്രതീക്ഷയിലാണ്‌. ന്യൂസിലന്‍ഡിനെക്കാള്‍ പരുക്ക്‌ ഏറെ വലച്ചത്‌ അവരെയാണ്‌.
നായകന്‍ ദാസുന്‍ ശനക ഉള്‍പ്പെടെ മൂന്നു പേരാണു പരുക്കു മൂലം ലോകകപ്പില്‍നിന്നു പുറത്തായത്‌.
ടീം: ന്യൂസിലന്‍ഡ്‌- കെയ്‌ന്‍ വില്യംസണ്‍ (നായകന്‍), ട്രെന്റ്‌ ബോള്‍ട്ട്‌, മാര്‍ക്‌ ചാപ്‌മാന്‍, ഡെവണ്‍ കോണ്‍വേ, ലൂകി ഫെര്‍ഗുസണ്‍, കെയ്‌ല്‍ ജാമിസണ്‍, ടോം ലാതം, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്‌ളെന്‍ ഫിലിപ്‌സ്, റാചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ്‌ സോധി, ടിം സൗത്തി, വില്‍ യങ്‌.
ടീം: ശ്രീലങ്ക- കുശല്‍ മെന്‍ഡിസ്‌ (നായകന്‍), കുശല്‍ പെരേര, പാതും നിസങ്ക, ദുഷ്‌മന്ത ചാമീര, ദിമുത്‌ കരുണരത്‌നെ, സദീര സമരവിക്രമെ, ചരിത അസാലങ്ക, ധനഞ്‌ജയ ഡി സില്‍വ, മഹീഷ തീക്ഷ്‌ണ, ദുനിത്‌ വല്ലലാഗെ, കാസുന്‍ രജിത, എയ്‌ഞ്ചലോ മാത്യൂസ്‌, ദില്‍ഷന്‍ മധുശനക, ദുഷാന്‍ ഹേമന്ത, ചാമിക കരുണരത്‌നെ.