പോർജോയ് അതിതീവ്ര ചുഴലിക്കാറ്റ് 15നു ഗുജറാത്ത് കഴി കടന്നുപോകുമെന്ന് കരുതുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പ്രകൃതിക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി.
രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയും കോസ്‌റ്റ്‌ഗാർഡും കപ്പലുകളും ഹെലികോപ്‌ടറുകളും അയച്ചിട്ടുണ്ട്. അവശ്യസേവനങ്ങൾ മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കും. കൺട്രോൾ റൂമുകൾ തുറക്കും. മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ഗുജറാത്ത്, തമിഴ്‌നാട്, പഞ്ചാബ്, ഒഡിഷ എന്നിവിടങ്ങളിലേയ്‌ക്ക് എൻഡിആർഎഫ് സംഘങ്ങളെ നിയോഗിച്ചു.
മണിക്കൂറിൽ 125–-135 കിലോമീറ്റർ വേഗത്തിൽ സൗരാഷ്‌ട്ര–-കച്ച് മേഖല വഴി 15ന് ഉച്ചയോടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗം കൈവരിച്ചേയ്‌ക്കാം. ഇതിന്റെ ഫലമായി ഗുജറാത്തിലെ തീരജില്ലകളിൽ കനത്ത മഴയുണ്ടാകും.
ആഭ്യന്തര മന്ത്രി അമിത്‌ഷാ, ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ ദുരന്ത നിവാരണ സമിതി യോഗം മുന്നറിയിപ്പ് നൽകി. ഗുജറാത്തിലേയ്‌ക്ക് എൻഡിആർഎഫിന്റെ 10 സംഘത്തെയാണ് നിയോഗിച്ചത്.
© Copyright - MTV News Kerala 2021
View Comments (0)