ഡല്‍ഹിയില്‍ 600 വര്‍ഷം പഴക്കമുള്ള മെഹ്‌റോളി പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു; വിശ്വാസികള്‍ പ്രഭാത നിസ്‌കാരത്തിനെത്തിയപ്പോഴേക്കും രാത്രി പൊളിച്ചുനീക്കി
ന്യൂഡല്‍ഹി: റോഡ് വികസനത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ 600 വര്‍ഷം പഴക്കമുള്ള മെഹ്‌റോളി പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. വിശ്വാസികള്‍ പതിവ് പ്രഭാത നിസ്‌കാരത്തിനെത്തിയപ്പോഴേക്കും ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) അധികൃതര്‍ രാത്രി പൊളിച്ചുനീക്കുകയായിരുന്നു. മസ്ജിദ് ഇമാം സ്ഥലത്തെത്തിയപ്പോള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പൊളിക്കുന്നതിനിടെ മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് തടയാന്‍ അദ്ദേഹത്തിന്റെ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു.
ജിന്നത്ത് വാലി മസ്ജിദ് അല്ലെങ്കില്‍ ദര്‍ഗ അഖുന്ദ്ജി എന്നും അറിയപ്പെടുന്ന മസ്ജിദ് പ്രവേശനം തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തകര്‍ത്തത്. മസ്ജിദിന്റെ ഇമാം സക്കീര്‍ ഹുസൈന്‍ പറയുന്നതനുസരിച്ച്, ഫജ്ര്‍ നമസ്‌കാരത്തിനുള്ള ബാങ്കിന് മുമ്പാണ് മുഴുവന്‍ തകര്‍ച്ചയും നടന്നത്. പൊളിക്കുന്നത് പൊതുജനങ്ങളില്‍ നിന്ന് മറയ്ക്കാനാണ് അവശിഷ്ടങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. പള്ളിക്കുള്ളിലുണ്ടായിരുന്ന വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പുകള്‍ പോലും എടുക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിഡിഎയുടെ നടപടി പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് മുസ്‌ലിം സമുദായത്തില്‍നിന്നുയരുന്നത്. സ്ഥലം അളന്നുതിട്ടപ്പെടുത്താന്‍ കോടതി ഉത്തരവുണ്ടായിട്ടും ഡിഡിഎ പള്ളി പൊളിക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം.
2012ല്‍ ഡല്‍ഹി ഹൈക്കോടതി അതിര്‍ത്തി നിര്‍ണയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും എന്നാല്‍ ഡിഡിഎ അധികൃതര്‍ ഉത്തരവ് ലംഘിച്ചുവെന്നും ഒരാള്‍ പറഞ്ഞു. അനധികൃത നടപടിയെ കുറിച്ച് ചോദിച്ചപ്പോള്‍ മുകളില്‍ നിന്ന് ഉത്തരവുണ്ടെന്നായിരുന്നു ഡിഡിഎ അധികൃതരുടെ മറുപടി.
© Copyright - MTV News Kerala 2021
View Comments (0)