ദുബായ് ദേരയില്‍ താമസ സ്ഥലത്ത് തീപിടിത്തത്തില്‍ മലയാളി ദമ്പതികള്‍ അടക്കം 16 പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് തമിഴ്‌നാട് സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അല്‍ റാസ് ഏരിയയിലെ ഫിര്‍ജ് മുറാറിലെ നാലു നില കെട്ടിടത്തില്‍ ശനി ഉച്ചക്ക് 12.35 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍ ദുബായ് സിവില്‍ ഡിഫന്‍സും പൊലിസും സ്ഥലത്തെത്തുകയും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഉച്ചക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. കെട്ടിടത്തിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.
കെട്ടിടത്തിന്റെ നാലാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് വന്‍ പുകയും തീയും പടരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീപിടുത്തത്തിന് കാരണം വ്യക്തമല്ല.
മരിച്ചവരില്‍ മൂന്ന് പാക്കിസ്ഥാന്‍കാര്‍, ഒരു നൈജീരിയക്കാരന്‍ എന്നിവരെയും തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു.
പുകശ്വസിച്ചാണ് റിജേഷിന്റെയും ഭാര്യയുടെയും മരണം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. ട്രാവല്‍സ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. മൃതദേഹങ്ങള്‍ ദുബായ് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.
കെട്ടിട സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അപകടകാരണങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
സിവില്‍ ഡിഫന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, പോര്‍ട്ട് സയീദ് ഫയര്‍ സ്റ്റേഷന്‍, ഹംരിയ ഫയര്‍ സ്റ്റേഷന്‍ എന്നിവടങ്ങളിലെ ടീമുകള്‍ രണ്ട് മണിക്കൂര്‍ കഠിനമായി പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും വക്താവ് അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)