എലത്തൂർ ട്രെയിൻ തീവയ്‌പ്‌ ഭീകരപ്രവർത്തനമെന്ന്‌ പൊലീസ്‌

MTV News 0
Share:
MTV News Kerala

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫി നടത്തിയത്‌ ഭീകരപ്രവർത്തനമെന്ന്‌ അന്വേഷകസംഘം. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത്‌ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്‌ ഈ പരാമർശം. കൃത്യമായ ആസൂത്രണത്തോടെയാണ്‌ പ്രതി കുറ്റകൃത്യം നടത്തിയതെന്നും അതിനാലാണ്‌ യുഎപിഎ ചുമത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎപിഎ ചുമത്തിയതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാതെ കോടതി തീർപ്പാക്കി.
ബുധനാഴ്‌ച ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ ജാമ്യം നൽകുന്നതിനെ എതിർത്തു. യുഎപിഎ ചുമത്തിയ കേസിൽ ജാമ്യഹർജി മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌ പരിഗണിക്കാനാവില്ലെന്ന്‌ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിഭാഗം അഭിഭാഷകൻ യുഎപിഎ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. അത്‌ നൽകരുതെന്ന്‌ പ്രോസിക്യൂഷൻ തടസ്സവാദമുന്നയിച്ചു. തുടർന്നാണ്‌ ഹർജി തീർപ്പാക്കിയത്‌. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ജിനത്ത്‌ കുന്നത്തും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. പി പീതാംബരനും ഹാജരായി.
പ്രതിയുടെ റിമാൻഡ്‌ കാലാവധി വ്യാഴാഴ്‌ച അവസാനിക്കും. യുഎപിഎ ചുമത്തിയതിനാൽ കേസ്‌ ജില്ലാ സെഷൻസ്‌ കോടതിയിലേക്ക്‌ മാറ്റാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകിയിട്ടുണ്ട്‌. വ്യാഴാഴ്‌ച സെഷൻസ്‌ കോടതിയാകും കസ്‌റ്റഡി അപേക്ഷ പരിഗണിക്കുക. കസ്‌റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതി വിയ്യൂർ ജയിലിലാണ്‌. വ്യാഴാഴ്‌ച വീഡിയോ കോൺഫറൻസ്‌ വഴിയാകും പ്രതിയെ ഹാജരാക്കുക. കേസ്‌ രേഖകൾ ആവശ്യപ്പെട്ട്‌ എൻഐഎ സെഷൻസ്‌ കോടതിയിൽ അപേക്ഷ സമർപ്പിച്ചേക്കും.