എൽദോസ് കുന്നപ്പിള്ളി എംഎൽഎ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; കാറിൽ വച്ച് കൈയ്യേറ്റം ചെയ്തെന്നും യുവതിയുടെ മൊഴി.

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. കോവളത്ത് വെച്ച് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ ഇന്നലെ വഞ്ചിയൂർ കോടതി മജിസ്ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസിൽ ഇന്ന് മൊഴി നൽകുമെന്നും ഇവർ കോടതിയെ അറിയിച്ചു. കാറിൽ വെച്ച് തന്നെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ താൻ പരാതി നൽകിയതോടെ ഒത്തുതീർക്കാൻ സമ്മർദ്ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തെന്നും യുവതി പറഞ്ഞു. കാറിനുള്ളിൽ വെച്ചാണ് കൈയ്യേറ്റം ചെയ്തതെന്നും ഇവർ വ്യക്തമാക്കി.

കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ മർദ്ദിച്ചുവെന്നാണ് പരാതി. പരാതിക്കാരി നേരത്തെ മൊഴി നല്കാൻ തയ്യാറായിരുന്നില്ല. പരാതിയിൽ ഇവർ ഉറച്ചു നിൽക്കുകയാണെങ്കിൽ എംഎൽഎക്ക് എതിരെ കേസ് എടുക്കും. യുവതിയെ കാണാൻ ഇല്ലെന്ന് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പോലീസിനെ സമീപിച്ചിരുന്നു. ഇതിന് ശേഷം പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പരാതിക്കാരിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ നെയ്യാറ്റിൻകരയിൽ വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് ഇവരുമായി കോവളത്തേക്ക് പോവുകയായിരുന്നു. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎ പ്രതികരിച്ചത്.

കഴിഞ്ഞമാസം 14നാണ് കേസിന് ആസ്പദമായ സംഭവം. കോവളത്ത് സൂയിസൈഡ് പോയിന്‍റിന് സമീപം കാറിൽ വെച്ച് എൽദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്നാണ് അധ്യാപികയായ സ്ത്രീയുടെ പരാതി. സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പൊലീസിന് കൈമാറുകയായിരുന്നു. രണ്ട് തവണ മൊഴി നൽകാനായി വിളിപ്പിച്ചെങ്കിലും വിശദമായ മൊഴി ബന്ധുക്കളുമായി ആലോചിച്ച ശേഷം നൽകാമെന്നായിരുന്നു സ്ത്രീയുടെ നിലപാട്.

ഇതിനിടയിലാണ് സ്ത്രീയെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്ത് വഞ്ചിയൂര്‍ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം നടക്കുന്നതിനിടെ സ്ത്രീ ഇന്നലെ വൈകീട്ട് കോവളം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തുകയായിരുന്നു. ആദ്യം കന്യാകുമാരിയിലായിരുന്നെന്നും പിന്നീട് മധുരയിലേക്ക് പോവുകയായിരുന്നെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. യാത്രാക്ഷീണം കാരണം ഇന്നലെ മൊഴി നൽകാൻ പരാതിക്കാരി തയ്യാറായില്ല. ഇന്ന് ഹാജരാകാമെന്നാണ് അറിയിച്ചത്.

മൊഴിയെടുത്ത ശേഷം എംഎൽഎക്കെതിരെ കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു. ശേഷം വഞ്ചിയൂര്‍ സ്റ്റേഷനിൽ സ്ത്രീ ഹാജരായി. കാണാനില്ലെന്ന പരാതിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ സ്ത്രീയെ വിട്ടയച്ചു. ആലുവ സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്തെ സ്കൂളിലെ അധ്യാപികയാണ്. സംഭവത്തെകുറിച്ച് അറിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെ എന്നുമായിരുന്നു ഇന്നലെ എൽദോസ് കുന്നപ്പള്ളി പ്രതികരിച്ചത്.