രോ-കോ ഇനിയില്ല; ഇന്ത്യൻ ടീമിലെ കൂട്ടുകാർ വിടപറയുമ്പോൾ

MTV News 0
Share:
MTV News Kerala

17 വർഷങ്ങൾക്ക് ശേഷം കെന്നിംഗ്സ്ടൺ ഓവലിൽ ചരിത്രം ആവർത്തിച്ചു. പഴയ ചരിത്രം അറിയാവുന്ന കില്ലർ മില്ലർക്ക് തെറ്റ് പറ്റിയില്ല. ഹാർദ്ദിക്കിന്റെ ഫുൾടോസ് ലോങ് ഓഫിലേക്ക് അയാൾ അടിച്ചുപറത്തി. അവിടെ ആകാശത്ത് നിന്നും ‘സൂര്യ’കുമാർ പറന്നിറങ്ങി. തലമുറകൾക്ക് പ്രോത്സാഹനമായ ക്യാച്ച്.

ഹാർദ്ദിക്ക് അവസാന ഓവർ പൂർത്തിയാക്കി. ഏഴ് റൺസിന് ഇന്ത്യൻ ജയം. കായിക ലോകകത്ത് ഇന്ത്യൻ വൻമതിൽ ഉയർന്നു. കെന്നിംഗ്സ്ടൺ‌ ഓവലിൽ കിംഗ് കോഹ്‍ലിയുടെ കിരീടധാരണം. അജയ്യനായി വിശ്വം ജയിച്ച് ഹിറ്റ്മാൻ രോഹിത് ശർമ്മ. ലോകകിരീടമുയർത്തി രോ-കോ യുഗത്തിന് അവസാനം.

ആദ്യം നീലകുപ്പായം അണിഞ്ഞത് ഹിറ്റ്മാനാണ്. പക്ഷേ പടവെട്ടി വിജയിച്ചത് രാജാവും. ഹിറ്റ്മാൻ പടയോട്ടത്തിന് ഒരൽപ്പം കാത്തിരിക്കേണ്ടി വന്നു. അവർ പരസ്പരം മത്സരിച്ചു. ലോകവേദികളിൽ പലതവണ രാജ്യത്തിനായി പോരാടി. രാജാവ് രാജ്യത്തലവനായി. പിണങ്ങി നിന്ന കാലത്തിന് ആയുസുണ്ടായില്ല. രാജ്യത്തിന്റെ വിജത്തിനായി രാജാവ് സിംഹാസനം ഒഴിഞ്ഞു. ഹിറ്റ്മാൻ പടത്തലവനായി. വിജയങ്ങൾ അവർ ഒരുമിച്ച് ആഘോഷിച്ചു. തോൽവികളിൽ ഒന്നിച്ച് കരഞ്ഞു.

കാലം എല്ലാവർക്കും നീതി നൽകുന്ന സമയമുണ്ട്. വിജയങ്ങൾ പൂർത്തിയാക്കി അവർ കളം വിടുകയാണ്. രോ-കോ യുഗത്തിന്റെ അവസാനത്തിന്റെ തുടക്കമായി. ലോകക്രിക്കറ്റിൽ ഇന്ത്യ ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത ശക്തികളാണ്. വിജയങ്ങൾ നമ്മെ തേടി ഇനിയുമെത്തും. പക്ഷേ ഇനിയൊരു ഇതിഹാസത്തിന് ഇനി കാത്തിരിക്കേണ്ടതുണ്ട്.