ലോകകപ്പില്‍ ഹോളണ്ടിനെ 160 റണ്ണിനു തോല്‍പ്പിച്ച നിലവിലെ ചാമ്പ്യന്‍ ഇംഗ്ലണ്ടിന്‌ ആശ്വാസം.

MTV News 0
Share:
MTV News Kerala

പുനെ: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഹോളണ്ടിനെ 160 റണ്ണിനു തോല്‍പ്പിച്ച നിലവിലെ ചാമ്പ്യന്‍ ഇംഗ്ലണ്ടിന്‌ ആശ്വാസം. എട്ടാം സ്‌ഥാനത്തെത്തിയതോടെ ഇംഗ്ലണ്ട്‌ ചാമ്പ്യന്‍സ്‌ ട്രോഫിക്കു യോഗ്യത നേടി.
പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഒന്‍പത്‌ വിക്കറ്റിനു 339 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഹോളണ്ട്‌ 37.2 ഓവറില്‍ 179 റണ്ണിന്‌ ഓള്‍ഔട്ടായി. എട്ട്‌ കളികളില്‍നിന്നു നാല്‌ പോയിന്റ്‌ നേടിയ ഇംഗ്ലണ്ട്‌ എട്ടാം സ്‌ഥാനത്തായി. അവരുടെ ഈ ലോകകപ്പിലെ രണ്ടാമത്തെ മാത്രം ജയം കൂടിയാണിത്‌. രണ്ട്‌ ജയം കുറിച്ച ഹോളണ്ട്‌ ഏറ്റവും പിന്നില്‍ പത്താമതാണ്‌. ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ സെഞ്ചുറിയും (84 പന്തില്‍ ആറ്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 108) ഓപ്പണര്‍ ഡേവിഡ്‌ മാലാന്‍ (74 പന്തില്‍ രണ്ട്‌ സിക്‌സറും 10 ഫോറുമടക്കം 87), ക്രിസ്‌ വോക്‌സ് (45 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 51) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ്‌ ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌.
വമ്പന്‍ ലക്ഷ്യത്തിലേക്ക്‌ ബാറ്റ്‌ വച്ച ഹോളണ്ടിന്‌ ഒരുഘട്ടത്തിലും പ്രതീക്ഷ നിലനിര്‍ത്താനായില്ല. 41 റണ്ണുമായി പുറത്താകാതെനിന്ന തേജ നിദമനുരുവാണ്‌ ടോപ്‌ സ്‌കോറര്‍. നായകന്‍ സ്‌കോട്ട്‌ എ്വേഡഡ്‌സ്‌ (38), ഓപ്പണര്‍ വെസ്ലി ബാരേസി (37), സൈബ്രാന്‍ഡ്‌ എയ്‌ഞ്ചല്‍ബ്രെക്‌ട് (33) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ആറിന്‌ 163 റണ്ണെന്ന നിലയിലായിരുന്ന അവര്‍ വൈകാതെ ഓള്‍ ഔട്ടായി. അവസാന നാലു വിക്കറ്റുകള്‍ 16 റണ്ണിനിടെ വീണു. ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ആദില്‍ റഷീദും മൂന്ന്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി. ഡേവിഡ്‌ വില്ലി രണ്ട്‌ വിക്കറ്റും ക്രിസ്‌ വോക്‌സ്‌ ഒരു വിക്കറ്റുമെടുത്തു.
ടോസ്‌ നേടി ബാറ്റിങ്‌ ആരംഭിച്ച ഇംഗ്ലണ്ടിനായി ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ വീണ്ടും നിരാശപ്പെടുത്തി. 15 റണ്‍ മാത്രമാണ്‌ താരം നേടിയത്‌. മറ്റൊരു ഓപ്പണറായ മലാന്‍ നന്നായി ബാറ്റുവീശാന്‍ തുടങ്ങിയതോടെ ഇംഗ്ലണ്ടിന്‌ മികച്ച തുടക്കം ലഭിച്ചു. 28 റണ്‍സെടുത്ത ജോ റൂട്ടിനെ കൂട്ടുപിടിച്ച്‌ മലാന്‍ ടീം സ്‌കോര്‍ 133-ല്‍ എത്തിച്ചു. റൂട്ട്‌ മടങ്ങിയതിന്‌ പിന്നാലെ മാലാന്‍ റണ്‍ ഔട്ടായി. പിന്നീട്‌ സ്‌റ്റോക്‌സ് അടിച്ചുതകര്‍ത്തു. ഹാരി ബ്രൂക്ക്‌ (11), നായകന്‍ ജോസ്‌ ബട്ട്‌ലര്‍ (അഞ്ച്‌), മോയിന്‍ അലി (നാല്‌) എന്നിവര്‍ വേഗം പുറത്തായെങ്കിലും സ്‌റ്റോക്‌സ്‌ പതറിയില്ല. എട്ടാമനായ ക്രിസ്‌ വോക്‌സിനെ കൂട്ടുപിടിച്ച്‌ പ്രകടനം തുടര്‍ന്നു. ആറിന്‌ 192 റണ്‍ എന്ന നിലയില്‍നിന്ന്‌ ഇരുവരും ചേര്‍ന്ന്‌ സ്‌കോര്‍ 321 ലെത്തിച്ചു. സ്‌റ്റോക്‌സ്‌ ആദ്യ ലോകകപ്പ്‌ സെഞ്ചുറി കുറിച്ചു. പിന്നാലെ വോക്‌സ്‌ അര്‍ധ സെഞ്ചുറിയും കുറിച്ചു. അവസാന പത്തോവറില്‍ ഇംഗ്ലണ്ട്‌ 124 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. ഹോളണ്ടിനായി ബാസ്‌ ഡി ലീഡ്‌ മൂന്ന്‌ വിക്കറ്റെടുത്തപ്പോള്‍ ആര്യന്‍ ദത്ത്‌, ലോഗാന്‍ വാന്‍ ബീക്ക്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു.

Share:
MTV News Keralaപുനെ: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഹോളണ്ടിനെ 160 റണ്ണിനു തോല്‍പ്പിച്ച നിലവിലെ ചാമ്പ്യന്‍ ഇംഗ്ലണ്ടിന്‌ ആശ്വാസം. എട്ടാം സ്‌ഥാനത്തെത്തിയതോടെ ഇംഗ്ലണ്ട്‌ ചാമ്പ്യന്‍സ്‌ ട്രോഫിക്കു യോഗ്യത നേടി.പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഒന്‍പത്‌ വിക്കറ്റിനു 339 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഹോളണ്ട്‌ 37.2 ഓവറില്‍ 179 റണ്ണിന്‌ ഓള്‍ഔട്ടായി. എട്ട്‌ കളികളില്‍നിന്നു നാല്‌ പോയിന്റ്‌ നേടിയ ഇംഗ്ലണ്ട്‌ എട്ടാം സ്‌ഥാനത്തായി. അവരുടെ ഈ ലോകകപ്പിലെ രണ്ടാമത്തെ മാത്രം...ലോകകപ്പില്‍ ഹോളണ്ടിനെ 160 റണ്ണിനു തോല്‍പ്പിച്ച നിലവിലെ ചാമ്പ്യന്‍ ഇംഗ്ലണ്ടിന്‌ ആശ്വാസം.