തുടർച്ചയായ നാലാം തവണയും പ്രീമിയർ ലീഗ് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി

MTV News 0
Share:
MTV News Kerala

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. ഇന്നലെ അവസാന മാച്ച് ഡേയിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി കിരീടം ഉറപ്പിച്ചത്. ഇന്നലെ വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം ഉറപ്പാകുമായിരുന്നു. ഇന്നത്തെ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ഇത് തുടർച്ചയായ നാലാം തവണയാണ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇത് ആദ്യമായാണ് ഒരു ടീം തുടർച്ചയായ നാല് സീസണുകളിൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടു പിറകിൽ ഉണ്ടായിരുന്ന ആഴ്സണലിന് ഇന്നലെ  സിറ്റി വിജയിക്കാതിരുന്നാൽ മാത്രമേ കിരീട സാധ്യത ഉണ്ടായിരുന്നുള്ളൂ. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ സിറ്റി ഫോഡനിലൂടെ ലീഡ് എടുത്തു. ഈ സീസണിൽ മുമ്പ് രണ്ട് തവണ കണ്ടത് പോലുള്ള ഫോഡന്റെ ട്രേഡ് മാർക്ക് ഇടം കാലൻ സ്ട്രൈക്ക് ആണ് സിറ്റിക്ക് ലീഡ് നൽകിയത്. പെനാൾട്ടി ബോക്സിന്റെ എഡ്ജിൽ നിന്ന് തൊടുത്ത ഷോട്ട് നോക്കി നിൽക്കാനെ വെസ്റ്റ് ഹാം കീപ്പർ അരിയോളക്ക് ആയുള്ളൂ.18ആം മിനുട്ടിൽ ഫോഡൻ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ഇത്തവണ ഡോകുവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. കളിയിൽ സിറ്റി ആധിപത്യം തുടരുന്നതിനിടയിൽ ഒരു മനോഹരമായ ആക്രിബാറ്റിക് ഗോളിലൂടെ കുദുസ് വെസ്റ്റ് ഹാമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 42ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ. ഈ സീസണിൽ കണ്ട ഏറ്റവും മികച്ച ഗോളുകളുടെ കൂട്ടത്തിൽ ഈ ഗോൾ ഉണ്ടാകും.

ആദ്യ പകുതി 2-1 എന്ന നിലയിൽ ആണ് അവസാനിച്ചത്. രണ്ടാം പകുതിയിൽ സിറ്റി ലീഡ് ഉയർത്തി വിജയം ഉറപ്പിക്കാനുള്ള ശ്രമം തുടർന്നു. 60ആം മിനുട്ടിൽ റോഡ്രി അവർക്ക് ആയി മൂന്നാം ഗോൾ നേടി. സ്കോർ 3-1. ഇതോടെ വിജയം ഉറപ്പായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 91 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ന് എവർട്ടണെ 2-1ന് തോൽപ്പിച്ച ആഴ്സണൽ 89 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്തു. മാഞ്ചസ്റ്റർ സിറ്റിയുടെ പത്താം ലീഗ് കിരീടമാണ് ഇത്. അവസാന 7 സീസണിൽ 6 തവണയും സിറ്റിയാണ് പ്രീമിയർ ലീഗ് സ്വന്തമാക്കിയത്.