‘ഇനി ഞാൻ മദ്യപിച്ച് വണ്ടിയോടിക്കില്ല’; പിടിയിലായ 26 ഡ്രൈവർമാർക്കും 1000 വട്ടം ഇംപോസിഷൻ

MTV News 0
Share:
MTV News Kerala

കൊച്ചി നഗരത്തിൽ നിയമലംഘനം നടത്തിയ 32 ബസുകൾ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസ് പിടിയിലായി. ഇവരിൽ 4 പേർ സ്‌കൂൾ ബസ് ഡ്രൈവർമാരും 2 പേർ കെ എസ് ആർ ടി സി ബസ് ഡ്രൈവർമാരുമാണ്. നിയമ ലംഘനത്തിന് പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷനും പൊലീസ് ശിക്ഷയായി നല്‍കി.

ഇന്ന് രാവിലെ നഗരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസിന്‍റെ പിടിയിലായത്. ഇതില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും കെ എസ് ആർ ടി സി ബസ് ഡ്രൈവര്‍മാരും ഉൾപ്പെട്ടത് പൊലീസിനെ പോലും അമ്പരിപ്പിച്ചു. നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കാല് നിലത്തുറക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനങ്ങളും പിടിച്ചെടുത്തു. കുട്ടികളെ പൊലീസ് സുരക്ഷിതമായി സ്കൂളുകളിൽ എത്തിച്ചു. സ്കൂള്‍ അധികൃതരില്‍ നിന്നും പൊലീസ് വിശദീകരണം തേടി.

സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികള്‍ മരിച്ചതോടെയാണ് കൊച്ചി നഗരത്തില്‍ വാഹന പരിശോധനയും നടപടികളും പൊലീസ് കര്‍ശനമാക്കിയത്.ഇനി ഒരാളുടെ ജീവൻ കൂടി നഷ്ടപെടാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതിയും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഗതാഗത നിയ ലംഘനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതിപെടാനുള്ള മൊബൈല്‍ഫോണ്‍ നമ്പര്‍ പൊലീസ് തയ്യാറാക്കുന്നുണ്ട്.വൈകാതെ തന്നെ ഇത് എല്ലാ സ്വകാര്യ ബസുകളിലും പതിപ്പിക്കും.