ചലച്ചിത്ര- സാംസ്കാരിക പ്രവർത്തകൻ ചെലവൂർ വേണു അന്തരിച്ചു

MTV News 0
Share:
MTV News Kerala

കോഴിക്കോട്‌: ചലച്ചിത്ര- സാംസ്കാരിക പ്രവർത്തകൻ  ചെലവൂർ വേണു(80) അന്തരിച്ചു. രണ്ടുമാസത്തിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ  ലോക ക്ലാസിക്‌ സിനിമകളെ  മലയാളത്തിന്‌ പരിചയപ്പെടുത്തിയ വേണു ആറ്‌ പതിറ്റാണ്ട്‌  സിനിമാനിരൂപണ രംഗത്തും സമാന്തര ചലച്ചിത്ര പ്രചാരണത്തിലും സജീവമായിരുന്നു. മാർച്ച്‌ ഒന്നിനാണ്‌ എൺപതാം പിറന്നാൾ ആഘോഷിച്ചത്‌.

കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനിയുടെ  ജനറൽ സെക്രട്ടറിയാണ്‌. ഉള്ളടക്കത്തിൽ ശ്രദ്ധേയമായ ഒട്ടേറെ സമാന്തര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി.  ടെലിവിഷൻ സീരിയലുകളും നിർമിച്ചിട്ടുണ്ട്‌. എട്ടാം ക്ലാസിൽ പഠിക്കവേ ‘ഉമ്മ’ സിനിമയുടെ നിരൂപണമെഴുതിയാണ്‌ തുടക്കം. സാംസ്‌കാരിക മാഗസിനായ യുവഭാവനയാണ്‌ ആദ്യ പ്രസിദ്ധീകരണം. സംവിധായകൻ രാമുകാര്യാട്ടിന്റെ അസിറ്റന്റായി  കുറച്ച്‌ കാലം പ്രവർത്തിച്ച്‌  പത്രപ്രവർത്തനത്തിലേക്ക്‌ മടങ്ങി. 

മലയാളത്തിലെ ആദ്യ സ്‌പോട്‌സ്‌ മാസികയായ സ്‌റ്റേഡിയം, ആദ്യ മനശാസ്‌ത്ര മാസിക സൈക്കോ,  വനിതാ പ്രസിദ്ധീകരണമായ രൂപകല, രാഷ്‌ട്രീയ വാർത്തകൾക്കായുള്ള സെർച്ച്‌ ലൈറ്റ്‌, നഗര വിശേഷങ്ങൾ പരിചയപ്പെടുത്തിയ സിറ്റി മാഗസിൻ, സായാഹ്ന പത്രമായ വർത്തമാനം എന്നിവയുടെ  പത്രാധിപരും എഡിറ്ററുമായിരുന്നു. ഇടതുവിദ്യാർഥി സംഘടനയായ  കെഎസ്‌എഫിന്റെ ജില്ലാസെക്രട്ടറിയായിരുന്നു. കെഎസ്‌വൈഎഫിന്റെ നേതൃനിരയിലും പ്രവർത്തിച്ചു.

1970ൽ  അശ്വനി ഫിലിം സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായിരിക്കെയാണ്‌ ക്ലാസിക്‌  സിനിമകളുടെ പ്രചാരണത്തിന്‌ മുന്നിട്ടിറങ്ങിയത്‌. പൂനെ ഫിലിം ആർക്കൈവ്സിൽ നിന്നും വിദേശ രാജ്യങ്ങളുടെ എംബസിയിൽ നിന്നും  സിനിമകൾ വരുത്തിച്ച്‌  തിയേറ്ററുകൾ വാടകയ്‌ക്കെടുത്ത്‌ പ്രദർശിപ്പിച്ചു. നിരവധി ചലച്ചിത്ര മേളകൾക്ക് നായകത്വം വഹിച്ചു.  ജോൺ എബ്രഹാം, അരവിന്ദൻ, ടി.വി ചന്ദ്രൻ  ഉൾപ്പെടെയുള്ളവരുടെ സിനിമകളിൽ  പിന്തുണയുമായി ഒപ്പമുണ്ടായി. 

ജോൺ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്‌.  മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികൾ തുടങ്ങിയവയാണ്‌ പുസ്‌തകങ്ങൾ. ഗോപിനാഥിന്റെ ‘ഇത്രമാത്രം’ സിനിമയുടെ എക്‌സിക്യുട്ടീവ്‌ പ്രൊഡ്യൂസറാണ്‌. ചലിച്ചിത്ര അവാർഡ്‌ നിർണയ സമിതി  അംഗം, ടെലിവിഷൻ അവാർഡ്‌ ജൂറി അംഗം, ഫെഡറേഷൻ ഓഫ്‌ ഫിലിം സൊസൈറ്റീസ്‌ ഓഫ്‌ ഇന്ത്യ കേരള റീജ്യണൽ വൈസ്‌ പ്രസിഡന്റ്‌ തുടങ്ങിയ പദവികൾ വഹിച്ചു. വേണുവിന്റെ ജീവിതം പ്രമേയമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും  ‘ചെലവൂർ വേണു-ജീവിതകാലം’  ഡോക്യുമെന്ററി പുറത്തിറക്കി. ഭാര്യ: സുകന്യ (റിട്ട. സെക്രട്ടറിയറ്റ്‌ ജീവനക്കാരി).