ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയാവുന്നു.
കട്ടാങ്ങൽ | ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾ നാടിനു അഭിമാനമായി മാറുന്നു. കളൻ തോട് പാലിയിൽ മൊയ്തീൻ്റേയും ആയിശയുടേയും മക്കളായ അബ്ദുൽ ഗഫൂർ, അഹമ്മദുൽ കബീർ, ലുഖ്മാനുൽ ഹഖീം, സിദ്ധീഖ് എന്നിവരാണ് ഈ അഭിമാന താരങ്ങൾ .ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നാടിനും നാട്ടുകാർക്കും അന്യ നാട്ടുകാർക്കും ഈ സഹോദരങ്ങളാണ് ആശ്രയം. കോവിഡ്, പ്രളയം, വരൾച്ച, അപകടങ്ങൾ ,മരണം, വിവാഹം എന്നിവിടങ്ങളിലെല്ലാം ഈ സഹോദരങ്ങളുടെ സാന്നിധ്യം നിർണ്ണായകമാണ്.
പ്രളയകാലത്ത് വെള്ളത്താൽ ചുററപ്പെട്ട വീടുകളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നതും അവരെ ഉദ്യോഗസ്ഥരുടേയും സാമൂഹ്യ പ്രവർത്തകരുടേയും സഹകരണത്തോടെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതും ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുന്നതിനും എല്ലാറ്റിനും ഈ സഹോദരങ്ങൾ തന്നെ മുന്നിലുണ്ടാകും.പ്രളയകാലത്ത് ചെളി നിറഞ്ഞു വൃത്തികേടായ വീടുകളും കിണറുകളും വൃത്തിയാക്കുന്നതും തുടർന്ന് അണു നശീകരണം നടത്തുന്നതും എല്ലാം ഈ സഹോദരങ്ങളാണ്. വലിയ മോട്ടോർ പമ്പ് സെറ്റുകൾ ഉപയോഗിച്ച് വെള്ളം പൂർണ്ണമായും വറ്റിച്ചാണ് ഇത്തരം കിണറുകൾ വൃത്തിയാക്കുന്നത്.
കോവിഡ് മഹാമാരി വന്നതോടെ ഇവർക്ക് വിശ്രമമില്ലാത്ത പ്രവർത്തനമാണ്. കോവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നതും ആശുപത്രികളിൽ കൊണ്ടു പോകുന്നതും പോസിറ്റീവ് ആയി മരിക്കുന്നവരുടെ മയ്യിത്ത് പരിപാലിക്കുന്നതിനും ഖബറടക്കുന്നതിനും ഒന്നും ഈ സഹോദരങ്ങൾക്ക് ഒരു മടിയുമില്ല. പൂർണ്ണമായും പി.പി.കിറ്റ് ധരിച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് തികഞ്ഞ സൂക്ഷ്മതയോടെയാണ് കോവിഡ് രോഗികളെ പരിചരിക്കുന്നതെന്ന് ഇവർ പറഞ്ഞു.
പഞ്ചായത്തിന് അകത്തും പുറത്തുമുള്ള ഒട്ടനവധി മയ്യിത്തുകൾ പരിപാലിക്കുകയും ഖബറടക്കുകയും ചെയ്തിട്ടുണ്ടെന്ന് മൂത്ത സഹോദരൻ വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കൂടിയായ അബ്ദുൽ ഗഫൂർ പറഞ്ഞു. കളൻ തോട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളും ആർ.ആർ.ടി.അംഗവും ചാത്തമംഗലം പഞ്ചായത്ത് പൂക്കോയ തങ്ങൾ ചാരിറ്റി വിംഗിലെ അംഗങ്ങൾ കൂടിയാണ് നാലു സഹോദരങ്ങളും.
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് അംഗീകരിച്ച പാമ്പ് പിടിത്തക്കാരനും താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് റാപ്പിഡ് റസ്പോണ്സ് ടീം അംഗവും കൂടിയാണ് അഹമ്മദുൽ കബീർ.കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ ഖബർ കുഴിക്കുന്നതും ഇവർ തന്നെയാണ്. ദൗതികമായി യാതൊരു പ്രതിഫലവും ഇച്ഛിക്കാതെയും ഏതു വിഷമഘട്ടങ്ങളിലും ഓടിയെത്തുകയും ചെയ്യുന്ന ഈ സഹോദരങ്ങൾ നാടിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും അഭിമാനമാണെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗവും വാർഡ് മെമ്പർ കൂടിയായ പി.കെ.ഹഖീം മാസ്റ്റർ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)