ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: മൂന്ന് ബന്ദികളെ ഇസ്രയേൽ സൈന്യം വധിച്ചു.

MTV News 0
Share:
MTV News Kerala

റഫ: ഗാസയിലെ ഖാൻ യൂനിസിൽ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ അൽ ജസീറയുടെ ക്യാമറാമാൻ സമീർ അബുദാഖയെ ഇസ്രായേൽ സൈന്യം വധിച്ചു. ആക്രമണത്തിൽ ലേഖകൻ വെയ്ൽ ദഹ്ദൂഹിനും പരിക്കേറ്റു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഇരുവരും. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം അബുദാഖ രക്തം വാർന്നു കിടന്നു. പരിക്കേറ്റു കിടന്ന ക്യാമറാമാനെ ശുശ്രൂഷിക്കുന്നതിൽ നിന്നും മെഡിക്കൽ സംഘത്തെ ഇസ്രായേൽ സൈന്യം തടഞ്ഞതായും ആരോപണമുണ്ട്. ഒക്‌ടോബർ 7ന് ശേഷം ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന 57-ാമത്തെ പലസ്തീനിയൻ മാധ്യമ പ്രവർത്തകനാണ് സമീർ അബുദാഖ.

എതിരാളികളാണെന്ന് കരുതി മൂന്ന് ബന്ദികളെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് മൂന്ന് ബന്ദികളെ വെടിവെച്ച് കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചത്. ‘ഷെജയ്യയിലെ പോരാട്ടത്തിനിടെ, മൂന്ന് ഇസ്രായേലി ബന്ദികളെ ഇസ്രയേലി ഡിഫൻസ് ഫോഴ്സ് എതിരാളികളായി തെറ്റിദ്ധരിച്ചു. തുടർന്ന് സൈന്യം അവർക്ക് നേരെ വെടിയുതിർക്കുകയും അവർ കൊല്ലപ്പെടുകയും ചെയ്തു,’ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് പരിശോധന നടത്തിയെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ ഗാസയിൽ യുദ്ധരംഗത്തുള്ള സൈനീകർക്ക് നൽകിയെന്നും സൈന്യം വ്യക്തമാക്കുന്നുണ്ട്. ‘ദാരുണമായ സംഭവത്തിൽ അഗാധമായ പശ്ചാത്താപം പ്രകടിപ്പിക്കുന്ന’തായും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

ഒക്‌ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിനിടെ കിബ്ബത്ത്സ് ക്ഫാർ ആസയിൽ നിന്ന് പിടികൂടിയ 28 കാരനായ യോതം ഹൈം, കിബ്ബത്ത്സ് നിർ ആമിൽ നിന്ന് പിടികൂടിയ 25 കാരനായ സമീർ അൽ-തലാൽക്ക, 26 കാരനായ അലോൺ ഷംരിസ്എന്നീ മൂന്ന് ബന്ധികളെയാണ് ഇസ്രയേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 7ന് ഇസ്രയേലിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് 250 പേരെ ബന്ദികളാക്കി ഗാസയിലേയ്ക്ക് കടത്തിയെന്നാണ് ഇസ്രയേൽ നിലപാട്. ബന്ദികളുടെ മോചനം വൈകുന്നത് ഇസ്രയേലിൽ പ്രതിഷേധങ്ങൾക്ക് വഴിതെളിക്കുന്നതിനിടയിലാണ് ഇസ്രയേൽ സൈന്യം ബന്ദികളെ വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. ബന്ദികളെയെല്ലാം നാട്ടിലെത്തിക്കുക എന്നത് തങ്ങളുടെ പ്രധാന യുദ്ധലക്ഷ്യങ്ങളിലൊന്നാണെന്ന് ഇസ്രായേൽ സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നത്. ബന്ദികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങൾ ടെൽ അവീവിൽ പ്രതിഷേധിച്ചു. ഇതിനിടെ ഗാസയിലേക്ക് കടക്കുന്ന കരേം അബു സലേം (കെരെം ശാലോം) തുറക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ യുഎൻ മാനുഷിക മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ് സ്വാഗതം ചെയ്തിട്ടുണ്ട്.