ഗോകുലം പുറത്ത്‌ ; സൂപ്പർ കപ്പ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം തോൽവി

MTV News 0
Share:
MTV News Kerala

സൂപ്പർ കപ്പിൽ എഫ്‌സി ഗോവയോട്‌ തോറ്റ്‌ ഗോകുലം കേരള പുറത്ത്‌. ഒരു ഗോളിനാണ്‌ തോൽവി. അവസാന നിമിഷം ഇകർ ഗുവാരോടെക്സെനയാണ് ഗോവയുടെ വിജയഗോൾ നേടിയത്. നിലവിലെ ചാമ്പ്യൻമാരായ ഗോവ ആദ്യ കളിയിൽ ജംഷഡ്പുർ എഫ്സിയോട് തോറ്റിരുന്നു. കളിയുടെ തുടക്കത്തിൽ ഗോകുലത്തിന്‌ മേധാവിത്തമുണ്ടായിരുന്നു. രണ്ടുതവണ വലയിൽ പന്തെത്തിക്കുകയും ചെയ്‌തു. എന്നാൽ, രണ്ടുതവണയും ഓഫ്‌ സൈഡായി. മറുവശത്ത്‌ കളി പുരോഗമിക്കുംതോറും ആക്രമണം ശക്തമാക്കി. ഗോൾകീപ്പർ ഷിബിൻരാജാണ്‌ ഗോവയെ തടഞ്ഞത്‌.
അവസാന നിമിഷംവരെ പിടിച്ചുനിന്ന ഗോകുലം പ്രതിരോധപ്പിഴവിൽ തളരുകയായിരുന്നു. അബ്‌ദുൾ ഹക്കുവിന്റെ പിഴവായിരുന്നു ഗോളിൽ കലാശിച്ചത്‌. സ്വന്തം ഗോൾമുഖത്തുനിന്ന്‌ പന്തുമായി വെട്ടിച്ചുകയറാൻ ശ്രമിച്ച ഹക്കുവിന്‌ പിഴച്ചു. പന്ത്‌ നോഹ വെയ്‌ൽ സദൂയിയുടെ കാലിൽ കിട്ടി. പ്രതിരോധമെത്തുംമുമ്പ്‌ ബോക്‌സിൽ കടന്ന്‌ നോഹ അടിതൊടുത്തു. ഷിബിൻരാജ്‌ തടുത്തിട്ടു. എന്നാൽ, ഓടിയെത്തിയ ഗുവാരോടെക്സെന പന്ത്‌ വലയിലേക്ക്‌ തിരിച്ചുവിട്ടു. ഇക്കുറി ഷിബിൻരാജിനും തടയാനായില്ല. സഹതാരം ബ്രണ്ടൻ ഫെർണാണ്ടസിന്റെ ജഴ്‌സി ഉയർത്തിപ്പിടിച്ചായിരുന്നു ഗോൾനേട്ടത്തിനുശേഷമുള്ള ഗോവൻതാരങ്ങളുടെ പ്രതികരണം. അച്ഛൻ മരിച്ചതിനെ തുടർന്നാണ്‌ ബ്രണ്ടൻ നാട്ടിലേക്ക്‌ മടങ്ങിയത്‌. ആദ്യ മത്സരത്തിൽ കളിച്ചിരുന്നു.
കളിയുടെ എട്ടാം മിനിറ്റിൽത്തന്നെ ഗോവയ്‌ക്ക്‌ അവസരംകിട്ടി. സദൂയ്‌ എടുത്ത കോർണർ കിക്കിൽ ഫാരസ് അർനൗട്ട് തലവച്ചു. എന്നാൽ, ക്രോസ്‌ ബാറിലിടിച്ച് പന്ത് തെറിച്ചുപോയി. തുടർന്നും ഗോവയുടെ മുന്നേറ്റം കണ്ടു. ഗോകുലം കോർണറുകൾ വഴങ്ങിക്കൊണ്ടിരുന്നു. ഇതിനിടെ, ഗോകുലത്തിന്റെ മികച്ച പ്രകടനം കണ്ടു. സൗരവ് കൊടുത്ത പന്തുമായി അനായാസം മുന്നോട്ടുകയറിയ ഫർഷാദ് നൂർ ഗോവൻ ഗോളി അർഷദീപ് സിങ്ങിനെ മറികടന്ന് പന്ത് വലയിലാക്കി. പക്ഷേ, ഓഫ്‌ സൈഡായി. പിന്നാലെ അമീനൗ ബൗബയും ഓഫ് സൈഡ് കെണിയിൽ കുടുങ്ങി.
രണ്ടാംപകുതിയിൽ ഗോവ കരുത്തുകാട്ടി. 49–-ാം മിനിറ്റിൽ സദൂയിയുടെ മുന്നേറ്റം ഗോകുലത്തെ വിറപ്പിച്ചു. ഗോവൻമുന്നേറ്റങ്ങളോടെയാണ് രണ്ടാംപകുതി തുടങ്ങിയത്. 49–-ാം മിനിറ്റിൽ ഗോവ ഗോകുലം ബോക്സിൽ അപകടം വിതച്ചു. സദൂയി നൽകിയ പാസ്‌ മക്കാൻ ചോതെ വലയിലേക്ക് തൊടുത്തെങ്കിലും ഷിബിൻരാജ് തടഞ്ഞിട്ടു. തെറിച്ചുവീണ പന്ത് ബ്രിസൺ ഫെർണാണ്ടസ് തിരിച്ചുവിടാൻ ശ്രമിച്ചു. എന്നാൽ, വീണ്ടും ഷിബിൻരാജ്‌ ഗോകുലത്തിന്റെ രക്ഷകനായി.
പിന്നാലെ സൗരവിന്റെ ശ്രമം ക്രോസ്‌ ബാറിലുരുമ്മി തെറിച്ചുപോയി. കളി സമനിലയിലേക്ക്‌ നീങ്ങുമെന്ന തോന്നിച്ച ഘട്ടത്തിലായിരുന്നു ഗോവയുടെ ഗോൾ.
ഗോകുലം ആദ്യ കളിയിൽ എടികെ മോഹൻ ബഗാനോടാണ്‌ തോറ്റത്‌. അവസാന കളിയിൽ ജംഷഡ്‌പുർ എഫ്‌സിയുമായിട്ടാണ്‌ ഗോകുലത്തിന്റെ കളി.