റഷീദ് ഖാന്റെയും നൂർ അഹമ്മദിന്റെയും സ്‌പിൻ ബൗളിങ്ങിനുമുന്നിൽ രാജസ്ഥാൻ റോയൽസ് മൂക്കുകുത്തി. ഐപിഎൽ ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 118 റണ്ണിന് രാജസ്ഥാൻ കൂടാരം കയറി. 17.5 ഓവറിലാണ് പുറത്തായത്. ഇരുപത് പന്തിൽ 30 റണ്ണെടുത്ത ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ രാജസ്ഥാന്റെ ടോപ് സ്‌കോററായി.
ഗുജറാത്തിനുവേണ്ടി റഷീദ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നാലോവറിൽ 13 റൺ മാത്രം വഴങ്ങിയാണ് അഫ്‌ഗാനിസ്ഥാൻ സ്‌പിന്നറുടെ നേട്ടം. മറ്റൊരു അഫ്‌ഗാൻ സ്‌പിന്നർ നൂർ അഹമ്മദ് രണ്ട് വിക്കറ്റ് നേടി.
ടോസ് നേടിയ സഞ്‌ജു ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജോസ് ബട്‌ലറെ (6 പന്തിൽ 8) വേഗം നഷ്ടമായെങ്കിലും സഞ്‌ജുവും യശസ്വി ജയ്‌സ്വാളും ചേർന്നുള്ള കൂട്ടുകെട്ട് രാജസ്ഥാന് പ്രതീക്ഷ നൽകി. എന്നാൽ, യശസ്വിയുടെ റണ്ണൗട്ട് കളിയുടെ ഗതി മാറ്റി. സഞ്‌ജു പന്ത് തട്ടിയിട്ട് ഓടാൻ തുടങ്ങി പിൻവലിയുകായിരുന്നു. എന്നാൽ, യശസ്വി ഓട്ടം നിർത്തിയില്ല. മോഹിത് ശർമയുടെ ത്രോ പിടിച്ചെടുത്ത് റഷീദ് ഈ ഇടംകൈയൻ ബാറ്ററെ മടക്കി. ഒരു സിക്‌സറും മൂന്ന് ഫോറുമായി തുടങ്ങിയ സഞ്‌ജു ഒരിക്കൽക്കൂടി മോശം പന്തിൽ മോശം ഷോട്ടിന് ശ്രമിച്ച് പുറത്തായി. സ്വാധീനതാരമായി എത്തിയ റിയാൻ പരാഗ് (6 പന്തിൽ 8) നിരാശപ്പെടുത്തി. 11 പന്തിൽ 15 റണ്ണെടുത്ത പേസർ ട്രെന്റ് ബോൾട്ടാണ് രാജസ്ഥാൻ സ്‌കോർ 100 കടത്തിയത്
© Copyright - MTV News Kerala 2021
View Comments (0)