ഗില്ലിനോട് തോറ്റ് ബാംഗ്ലൂർ വീണു; മുംബൈയ്‌ക്ക്‌ ഗ്രീൻ സിഗ്‌നൽ

MTV News 0
Share:
MTV News Kerala

ഐപിഎൽ ക്രിക്കറ്റിൽ മുന്നേറാൻ അനിവാര്യമായ വിജയം നേടാൻ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനായില്ല. ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസിനോട്‌ ആറ്‌ വിക്കറ്റിന്‌ തോറ്റു. തകർപ്പൻ സെഞ്ചുറിയുമായി വിരാട്‌ കോഹ്‌ലി (61 പന്തിൽ 101) ബാംഗ്ലൂരിന്‌ മികച്ച സ്‌കോർ ഒരുക്കിയെങ്കിലും ശുഭ്‌മാൻ ഗില്ലിലൂടെ ( 52 പന്തിൽ 104) ഗുജറാത്ത്‌ തിരിച്ചടിച്ചു. സ്‌കോർ: ബാംഗ്ലൂർ 5–-197, ഗുജറാത്ത്‌ 4–-198 (19.1)
ഗുജറാത്ത്‌ 14 കളിയിൽ 20 പോയിന്റുമായി ഒന്നാംസ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്സിനെ നാളെ ആദ്യ ക്വാളിഫയറിൽ നേരിടും. ജയിക്കുന്നവർ ഫൈനലിലെത്തും. എലിമിനേറ്ററിൽ മൂന്നാമതുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. ബാംഗ്ലൂർ ആറാം സ്ഥാനത്തോടെ പുറത്തായി. രാജസ്ഥാൻ റോയൽസ്‌ അഞ്ചാമതായി.
ഗുജറാത്തിന്റെ വിജയം അനായാസമായിരുന്നു. ഗില്ലിനൊപ്പം വിജയ്‌ ശങ്കറും (35 പന്തിൽ 53) വിജയത്തിന്‌ അടിത്തറയിട്ടു. ബാംഗ്ലൂർ ബൗളർമാരെ കശാപ്പ്‌ ചെയ്‌താണ്‌ ഗിൽ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയത്‌. അവസാന ഓവറിൽ ജയിക്കാൻ എട്ട്‌ റൺ വേണ്ടിയിരുന്നു. രണ്ട്‌ പന്ത്‌ നോബോൾ. ഗിൽ അടുത്ത പന്ത്‌ സിക്‌സർ പറത്തി കളി ജയിച്ചു. മഴമൂലം ഒരുമണിക്കൂർ വൈകിത്തുടങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ്‌ ചെയ്‌ത ബാംഗ്ലൂരിനായി കോഹ്‌ലി തുടർച്ചയായ രണ്ടാംസെഞ്ചുറി കണ്ടെത്തി. മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ പുറത്താകാതെ 13 ഫോറും ഒരു സിക്‌സറുമടിച്ചു. ഏഴാം ഐപിഎൽ സെഞ്ചുറിയാണ്‌.