ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽനിന്ന് 10,331 പേർക്ക് അവസരം. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. കേന്ദ്ര–-സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേന 19,524 അപേക്ഷ ഓൺലൈനിൽ ലഭിച്ചു.
പൊതുവിഭാഗത്തിൽ 6094, സ്‌ത്രീകൾ മാത്രമായുള്ള വിഭാഗം (45 വയസ്സിന് മുകളിൽ) 2807, 70 വയസ്സിന് മുകളിൽ 1430 എന്നിങ്ങനെയാണ് തെരഞ്ഞെടുത്തത്. സ്‌ത്രീകൾ മാത്രമായി പോകുന്നവരിൽ (മഹ്‌റം ഇല്ലാത്ത)പകുതിയിലധികവും കേരളത്തിൽനിന്നാണ്. വിവരങ്ങൾ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിങ്ങനെ മൂന്ന് യാത്ര പുറപ്പെടൽ കേന്ദ്രങ്ങളു(എംബാർക്കേഷൻ പോയിന്റുകൾ)ണ്ട്.
തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടാംഗഡു തിങ്കളാഴ്‌ചക്കകം അടയ്‌ക്കണം. തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന സാങ്കേതിക പഠന ക്ലാസുകളുടെ സംസ്ഥാനതല ഉദ്‌ഘാടനം കോട്ടക്കൽ പി എം ഓഡിറ്റോറിയത്തിൽ രാവിലെ 10ന് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും. മെയ് രണ്ടിനുള്ളിൽ ജില്ലകളിലെ ക്ലാസുകൾ പൂർത്തീകരിക്കും. ഹാജിമാരെ മക്കയിലും മദീനയിലും സഹായിക്കാനുള്ള ഹജ്ജ് വളന്റിയർമാർക്കുള്ള പരിശീലനം ഉടൻ പൂർത്തിയാക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു. വാർത്താസമ്മേളനത്തിൽ അംഗങ്ങളായ അഡ്വ. പി ടി എ റഹീം എംഎൽഎ, അഡ്വ. പി മൊയ്‌തീൻ കുട്ടി, മുഹമ്മദ് കാസിം കോയ പൊന്നാനി, പി ടി അക്‌ബർ, പി എം ഹമീദ് എന്നിവരും പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)