ബംഗാൾ ഉൾക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നു; തീവ്ര ന്യൂനമര്‍ദ്ദം അതിതീവ്രമാകും, 10 ജില്ലകളിൽ മഞ്ഞ അലര്‍ട്ട്

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം അടുത്ത ആറു മണിക്കൂറില്‍ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. നാളെയോടെ ഇത് ചുഴലിക്കാറ്റായി മാറുമെന്നും പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.   അതേസമയം, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളില്‍ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു 24ന് ഉച്ചയോടെ യെമന്‍ – ഒമാന്‍ തീരത്ത് അല്‍ ഗൈദാക്കിനും (യെമന്‍) സലാലാക്കും ഇടയില്‍ മണിക്കൂറില്‍ പരമാവധി 140 കിലോമീറ്റര്‍ വേഗതയില്‍ അതി തീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

സംസ്ഥാനത്തെ പത്തു ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.