​ഹോട്ടലുടമയുടെ കൊലപാതകം: സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട അന്ന്

MTV News 0
Share:
MTV News Kerala

കോഴിക്കോട് ഹോട്ടലുടമയുടെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു. കൊല്ലപ്പെട്ട സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട അന്ന് തന്നെയാണെന്ന് സിദ്ദിഖിന്റെ സഹോദരൻ. ഷിബിലിക്കെതിരെ മറ്റ് തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു. ഹോട്ടലിൽ നിന്ന് പണം കാണാതായതിലും ഷിബിലിക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഷിബിലിക്ക് നൽകാനുണ്ടായിരുന്ന ശമ്പളം നൽകിയ ശേഷമാണ് പിരിച്ചു വിട്ടതെന്നും സിദ്ദിഖിന്റെ സഹോദരൻ പറഞ്ഞു. രണ്ടു ലക്ഷത്തോളം രൂപ സിദ്ദിഖിന്റെ അക്കൗണ്ടിൽ നിന്നും കാണാതായിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു.
സിദ്ദിഖിനെ കാണാതായതിനു പിന്നാലെ ഇയാളുടെ എടിഎം കാർഡും നഷ്‌ടമായിരുന്നു. ഇതുപയോ​ഗിച്ച് പ്രതികൾ പണം പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മെയ് 18നാണ് സിദ്ദിഖിനെ കാണാകാകുന്നത്. 22ന് മകൻ അച്ഛനെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് സിദ്ദിഖ് കൊല്ലപ്പെട്ടെന്ന് കണ്ടെത്തുന്നത്. 18 നോ 19 നോ ആണ് സിദ്ദിഖ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നി​ഗമനം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണ് കൊല നടന്നത്. മൂന്നു പേരും ഇതേ ഹോട്ടലിൽ തന്നെയാണ് മുറി എടുത്തിരുന്നത്. രണ്ടു മുറികളും സിദ്ദിഖ് തന്നെ ബുക്ക് ചെയ്‌തതാണെന്നാണ് പുറത്തുവരുന്ന വിവരം.
മുറിയിൽ വെച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി ട്രോളി ബാ​ഗിൽ അട്ടപ്പാടിയിൽ കൊണ്ടു തള്ളിയെന്നാണ് പ്രതികൾ നൽകിയ മൊഴി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ മൂവരും ഒരുമിച്ച് ഹോട്ടലിലേക്ക് പോകുന്നത് കാണാം. തിരിച്ച് പോകുമ്പോള്‍ പ്രതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയില്‍ ട്രോളി ബാഗ് ഉണ്ടായിരുന്നു. ഇത് വ്യാപാരിയുടെ മൃതദേഹം അടങ്ങിയ ബാഗാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.