ഹോട്ടൽ വ്യാപാരി മേച്ചേരി സിദ്ദിഖിന്റെ ദാരുണ കൊലപാതക വാർത്ത കേട്ടാണ് വെള്ളിയാഴ്ച തിരൂർ ഉണർന്നത്. വിവരമറിഞ്ഞ് പുലർച്ചെമുതൽ നാട്ടുകാർ ഏഴൂർ പിസി പടിയിലെ ഷംല മൻസിലിലേക്കൊഴുകി. മുത്തൂർ മേച്ചേരി ബീരാൻകുട്ടിയുടെ മകൻ സിദ്ദിഖ് 25 വർഷത്തോളം സൗദി അറേബ്യയിലായിരുന്നു. തിരൂരിൽ ടാക്സി ഡ്രൈവറായിരിക്കെയാണ് സൗദിയിൽ പോയത്.
2017ൽ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി. തുടർന്ന് എഴൂരിൽ ഹോട്ടൽ ആരംഭിച്ചെങ്കിലും ലാഭകരമല്ലാത്തതിനാൽ അടച്ചു. ഇതിനിടെയാണ് കോഴിക്കോട് ഒളവണ്ണയിൽ കെട്ടിടം വാങ്ങി ഹോട്ടൽ ആരംഭിച്ചത്. ഹോട്ടലിൽതന്നെയായിരുന്നു താമസവും. ആഴ്ചയിൽ ഒരുതവണയാണ് വീട്ടിലെത്താറ്. ഉടൻ വരാമെന്നും പറഞ്ഞാണ് 18ന് വീട്ടിൽനിന്ന് പോയത്. ഇറ്റലിയിലുള്ള മകൻ നാട്ടിലെത്തുന്നതിനാൽ ഭാര്യ വിളിച്ചപ്പോൾ വടകരയിലാണെന്ന് പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ ഫോൺ ഓഫ് ആയതിനാലാണ് 22ന് പൊലീസിൽ പരാതി നൽകിയതെന്ന് മകൻ ഷാഹിദ് പറഞ്ഞു.
മൃതദേഹം തള്ളിയത് മൂന്ന് കഷ്‌ണമാക്കി
സിദ്ദിഖിന്റെ മൃതദേഹം രണ്ട് ട്രോളി ബാഗിലാക്കിയത് മൂന്നു കഷ്‌ണങ്ങളാക്കി. തലമുതൽ അരവരെയുള്ള ഭാഗം ഒരു ബാഗിലും കാലുകളുടെ ഭാഗങ്ങൾ രണ്ടായി മറ്റൊരു ബാഗിലുമാക്കിയിരുന്നു. ഏഴ് ദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച നിലയിലാണ്. 19ന് രാത്രി ഇരുബാഗും അട്ടപ്പാടി ചുരം ഒമ്പതാംവളവിൽ തള്ളിയതായി പൊലീസ് സംശയിക്കുന്നു.
പ്രതികളായ പാലക്കാട് ചെർപ്പുളശേരി വല്ലപ്പുഴയിലെ ഷിബിലിയും സുഹൃത്ത് ചെർപ്പുളശേരി ചളവറയിലെ ഫർഹാനയും 19ന് പകൽ 3.15ന് ബാഗുകളുമായി കോഴിക്കോട്ടെ ഹോട്ടലിൽനിന്ന് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊല്ലപ്പെട്ട സിദ്ദിഖിന്റെ കാറിലാണ് മൃതദേഹം കടത്തിയത്.
മറ്റൊരു പ്രതി ആഷിഖ് മണ്ണാർക്കാട്ടുവച്ചാണ് കാറിൽ കയറിയതെന്ന് സംശയിക്കുന്നു. മൂവരും ചേർന്നാണ് മൃതദേഹം വനത്തിൽ തള്ളിയത്. ഇതിനുശേഷം ആഷിഖ് മണ്ണാർക്കാട്ട് ഇറങ്ങി. ഷിബിലിയും ഫർഹാനയും കാർ ചെറുതുരുത്തിയിൽ ഉപേക്ഷിച്ച് ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് ചെന്നൈയിലേക്ക് പോയി. ചെന്നൈ എഗ്‌മോറിൽവച്ചാണ് ആർപിഎഫ് സഹായത്തോടെ ഇരുവരും തിരൂർ പൊലീസിന്റെ പിടിയിലായത്.
മണ്ണാർക്കാട്ടുനിന്നാണ് ആഷിഖിനെ തിരൂർ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ തള്ളിയ വിവരം ലഭിച്ചത്. വെള്ളി പുലർച്ചെ പൊലീസിനൊപ്പം എത്തിയ ആഷിഖ് ചുരത്തിലെ മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുത്തു. വനത്തിലെ കാട്ടുചോലയിൽ മുങ്ങിയ ബാഗുകൾ മുകളിലെ റോഡിലെത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. മണ്ണാർക്കാട്ടുനിന്നെത്തിയ അഗ്‌നിരക്ഷാ സേനയാണ് വടംകെട്ടി രാവിലെ ആറോടെ ബാഗുകൾ മുകളിലെത്തിച്ചത്.
അരുംകൊലയിൽ ചോദ്യങ്ങൾ ബാക്കി
ക്രൂരമായി കൊലചെയ്യപ്പെട്ട തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖിന് പ്രതികളുമായുള്ള ബന്ധത്തിൽ ദുരൂഹത. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കൊലയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, അതിലേക്കുള്ള കാരണം വ്യക്തമല്ല. ഇരുപത്തൊന്നും പതിനെട്ടും വയസ്സുള്ള പ്രതികൾക്ക് അരുംകൊലയ്‌ക്ക് ക്രിമിനൽ സംഘങ്ങളുടെ സഹായം ലഭിച്ചോ എന്നതും വ്യക്തമല്ല. കൊലയ്‌ക്കുശേഷം പ്രതികൾ സിദ്ദിഖിന്റെ എടിഎം കാർഡ് ഉപയോഗിച്ച് തുടർച്ചയായി പണമെടുത്തിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം പണം തട്ടൽ മാത്രമായിരുന്നോ എന്നതാണ് അറിയേണ്ടത്.
കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ 18ന് സിദ്ദിഖ് രണ്ട് മുറികൾ ബുക്ക് ചെയ്തിരുന്നു. ഇതിൽ ഒരു മുറിയിൽ ഷിബിലിയും ഫർഹാനയുമായിരുന്നു. മറ്റൊന്നിൽ സിദ്ദിഖും. ഈ മുറിയിലാണ് കൊല നടന്നത്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം മൂന്ന് കഷ്‌ണങ്ങളാക്കി രണ്ട് ബാഗുകളിലേക്ക് മാറ്റുകയായിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)