ജയ് ജവാൻ, ജയ് കിസാൻ… ശാസ്ത്രത്തിനൊപ്പം നവീകരണവും ചേർത്തുവച്ച് പ്രധാനമന്ത്രി

MTV News 0
Share:
MTV News Kerala

ദില്ലി : ഇന്ത്യ സ്വാതന്ത്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ രാജ്യം പുതിയ തലങ്ങളിലേക്ക് മുന്നേറുകയാണ്. ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു മുതൽ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ എത്തി നിൽക്കുന്ന ഭരണനിർവ്വഹണത്തിൽ രാജ്യം സമ്പൂർണ വികസിത ഭാരതം എന്ന ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. മുൻ പ്രധാനമന്ത്രിമാരുടെ ആശയങ്ങളോടൊപ്പം തന്റേതുകൂടി ചേർത്തുവച്ചാണ് ഈ സുദിനത്തിലെ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം.

ലാൽ ബഹദൂർ ശാസ്ത്രി ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചപ്പോൾ അതിലൊരു പടി കൂടി ചേർത്ത് ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ (ശാസ്ത്രം) എന്നായിരുന്നു എ ബി വാജ്പേയി മുന്നോട്ട് വച്ച ആശയം. ഇതിൽ ഒന്നുകൂടി കൂട്ടിച്ചേർക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രത്തിനൊപ്പം നവീകരണം എന്ന് കൂടി മോദി ചേർത്ത് വയ്ക്കുന്നു. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ, ജയ് അൻസന്ധാൻ (നവീകരണം) എന്ന മുദ്രാവാക്യമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.

സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ അദ്ദേഹം ലാൽ ബഹദൂര്‍ ശാസ്ത്രിയെയും അടൽ ബിഹാരി വാജ്പേയിയെയും സ്മരിച്ചുകൊണ്ടാണ് മുദ്രാവാക്യം മുന്നോട്ട് വച്ചത്. ” ലാൽ ബഹദൂര്‍ ശാസ്ത്രി ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം നൽകിയപ്പോൾ വാജ്പേയി അതിലേക്ക് ശാസ്ത്രം കൂടി ചേര്‍ത്തുവച്ചു. നമ്മൾ അതിലേക്ക് നവീകരണം കൂടി കൂട്ടിച്ചേര്‍ക്കുന്നു. പുതിയ ആശയങ്ങളിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കുകയെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ” – മോദി പറഞ്ഞു.

അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്ന് നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധ ഊന്നണം. പഞ്ച് പ്രാൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇതിന്‍റെ ഭാഗമായി സമ്പൂർണ വികസിത ഭാരതമാണ് ലക്ഷ്യം. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം.അടിമത്ത മനോഭാവത്തില്‍ നിന്ന് പൂർണമായും മാറണം. പാരമ്പര്യത്തിൽ അഭിമാമം കൊള്ളണം. പൗരധർമ്മം പാലിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഭാഷയിലേയും പ്രവൃത്തിയിലേയും സ്ത്രീ വിരുദ്ധത ഒഴിവാക്കണം. സമൂഹിക അച്ചടക്കം വികസനത്തിലും അനിവാര്യമാണെന്നും മോദി പറഞ്ഞു.

സംസ്ഥാനങ്ങളുടേത് മത്സാരാധിഷ്ഠിത സഹകരണം ആകണം. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 75 വർഷം ഉയർച്ച താഴ്ചകളുടേത് ആയിരുന്നു. വെല്ലുവിളികൾക്കിടയിലും ഇന്ത്യ മുന്നേറി. ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറി. പല പ്രശ്നങ്ങൾക്കും ലോകം പരിഹാരം കാണുന്നത് ഇന്ത്യയിൽ നിന്നാണ്. രാഷ്ട്രീയ സ്ഥിരതയുടെ കാഴ്ച ഇന്ത്യ കാട്ടി കൊടുത്തു. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. ഇതിൽ അഭിമാനിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശക്തി ഇന്ത്യക്കുണ്ട്. താൻ ശ്രമിച്ചത് ശാക്തീകരണത്തിനാണ്. രാജ്യം ഇപ്പോൾ പുത്തനുണർവിൽ ആണ്. സ്വാതന്ത്ര്യ സമരം വിജയിപ്പിച്ചത് ഇത്തരം ചേതനയാണ്. ദേശീയ പതാക ക്യാമ്പയിനും കൊവിഡ് പോരാട്ടവും പുതിയ ഉണർവിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു . എല്ലാത്തിനും ഉപരി ഇന്ത്യയെന്ന വികാരമാണ് വേണ്ടത്. ഇത് ഐക്യ ഇന്ത്യയിലേക്ക് നമ്മളെ നയിക്കും. ഇതിന് പൂർവികർ നൽകിയ പൈതൃകമുണ്ട്.

ഇന്ത്യയെ 24 മണിക്കൂറും കാക്കുന്ന സൈനികരെ സല്യൂട്ട് ചെയ്യുന്നവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും മുമ്പ് അദ്ദേഹം രാജ്ഘട്ടിലെത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ചു. പുഷ്പാർച്ചന നടത്തി. അതിനുശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹത്തെ പ്രതിരോധ മന്ത്രി , സഹ പ്രതിരോധ മന്ത്രി , പ്രതിരോധ സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിച്ചു. ത്രിവർണ നിറത്തിലുള്ള തലപ്പാവ് ധരിച്ചാണ് പ്രധാന മന്ത്രി എത്തിയത്. ചെങ്കോട്ടയിൽ എത്തിയ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.ശേഷംഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. അതിനുശേഷം അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. വായു സേന ഹെലികോപ്ടറുകൾ ഈ സമയം പുഷ്പ വൃഷ്ടി നടത്തി. ചെങ്കോട്ട കനത്ത സുരക്ഷ വലയത്തിൽ ആണ്. 10000 പൊലീസ് ആണ് സുരക്ഷ ഒരുക്കുന്നത്.

Share:
MTV News Keralaദില്ലി : ഇന്ത്യ സ്വാതന്ത്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ രാജ്യം പുതിയ തലങ്ങളിലേക്ക് മുന്നേറുകയാണ്. ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു മുതൽ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ എത്തി നിൽക്കുന്ന ഭരണനിർവ്വഹണത്തിൽ രാജ്യം സമ്പൂർണ വികസിത ഭാരതം എന്ന ലക്ഷ്യമാണ് മുന്നോട്ട് വയ്ക്കുന്നത്. മുൻ പ്രധാനമന്ത്രിമാരുടെ ആശയങ്ങളോടൊപ്പം തന്റേതുകൂടി ചേർത്തുവച്ചാണ് ഈ സുദിനത്തിലെ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം. ലാൽ ബഹദൂർ ശാസ്ത്രി ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചപ്പോൾ...ജയ് ജവാൻ, ജയ് കിസാൻ… ശാസ്ത്രത്തിനൊപ്പം നവീകരണവും ചേർത്തുവച്ച് പ്രധാനമന്ത്രി