സ്വമേധയാ കേസെടുക്കണം ; വിദ്വേഷപ്രസംഗത്തില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി
വിദ്വേഷപ്രസംഗങ്ങൾക്കെതിരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതിയുടെ കര്‍ശനനിര്‍ദേശം. വിദ്വേഷപ്രസംഗം നടത്തുന്നത് ഏത് മതക്കാരാണെങ്കിലും പരാതിക്ക് കാത്തുനില്‍ക്കാതെ മുഖംനോക്കാതെ നടപടി എടുക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന ഹീനമായ കുറ്റകൃത്യമാണ് വിദ്വേഷപ്രസംഗമെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനും ജസ്റ്റിസ് ബി വി നാഗരത്ന അംഗവുമായ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
കര്‍ശന നടപടി ഉണ്ടായാല്‍ മാത്രമേ ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്‌തിട്ടുള്ള മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 2022 ഒക്ടോബറിൽ വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത്തരം പ്രസംഗങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് പൊലീസിനോട് നിർദേശിക്കുന്നതായിരുന്നു ഉത്തരവ്. ഇത് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ബാധകമാക്കുകയാണ് പുതിയ ഉത്തരവിലൂടെ സുപ്രീംകോടതി. മതം, ജാതി തുടങ്ങിയവയുടെ പേരിൽ സ്‌പർധ സൃഷ്ടിക്കൽ, മതവിശ്വാസങ്ങളോ വികാരങ്ങളോ വ്രണപ്പെടുത്തൽ, വധഭീഷണിയോ ഗുരുതര പരിക്കുകളോ ഉണ്ടാക്കുമെന്ന ഭീഷണിമുഴക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നതായി അറിവ് ലഭിച്ചാൽ ഇനിമുതൽ പൊലീസിന് ഉടനടി കേസെടുക്കണം. ഇല്ലെങ്കിൽ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരും.
മതസമ്മേളനങ്ങളെന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടികളില്‍ തീവ്ര ഹിന്ദുത്വസംഘടനാ നേതാക്കൾ വിദ്വേഷവിഷം തുപ്പിയിട്ടും പല സംസ്ഥാനത്തും പൊലീസ് ഉദാസീനത പുലർത്തുകയാണ്. ‘ഞങ്ങൾ ജഡ്‌ജിമാർക്ക് രാഷ്ട്രീയമില്ല. എല്ലാ പാർടികളും ഒരുപോലെയാണ്. ഭരണഘടനയും നിയമനടപടികളും കൃത്യമായി പാലിക്കപ്പെടണമെന്ന നിർബന്ധം മാത്രമാണ് കോടതിക്കുള്ളത്’–- ജസ്‌റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു. വിദ്വേഷപ്രസംഗങ്ങൾക്കെതിരെ കർശനനടപടി ആവശ്യപ്പെട്ട് ഷഹീൻ അബ്ദുള്ള എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിസ്സംഗത പുലർത്തുന്ന സംസ്ഥാന സർക്കാരുകൾക്കെതിരെ ജസ്റ്റിസ് കെ എം ജോസഫ് നേരത്തേ ആഞ്ഞടിച്ചിരുന്നു. മതത്തിന്റെ പേരിൽ നാം എന്തെല്ലാമാണ് ചെയ്‌തുകൂട്ടുന്നതെന്നും മതങ്ങളെ നാം എവിടെ കൊണ്ടെത്തിച്ചെന്നും അന്ന് അദ്ദേഹം ചോദിച്ചു.
© Copyright - MTV News Kerala 2021
View Comments (0)