ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ ഇന്ത്യക്ക് തോൽവി

MTV News 0
Share:
MTV News Kerala

ഏഷ്യന്‍ മേഖലാ ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ രണ്ടാം റൗണ്ട്‌ മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തര്‍ 3-0 ത്തിനാണ്‌ ഇന്ത്യയെ തോല്‍പ്പിച്ചത്‌.
മുസ്‌താഫ മാഷാല്‍, അല്‍മോസ്‌ അലി, യൂസഫ്‌ അബ്‌ദുറിസാഗ്‌ എന്നിവരാണു ഖത്തറിനു വേണ്ടി ഗോളടിച്ചത്‌. സുനില്‍ ഛേത്രിയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണ്‌ ഇന്ത്യന്‍ കോച്ച്‌ ഇഗോര്‍ സ്‌റ്റിമാച്‌ പരീക്ഷിച്ചത്‌. ഖത്തറിന്റെ വിഖ്യാത കോച്ച്‌ കാര്‍ലോസ്‌ ക്വീറോസ്‌ 4-3-3 എന്ന സ്‌ഥിരം ഫോര്‍മേഷനിലും ടീമിനെ ഇറക്കി.
നാലാം മിനിറ്റില്‍ തന്നെ ഇന്ത്യക്ക്‌ ആഘാതമേല്‍പ്പിക്കാന്‍ ഖത്തറിനായി. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യക്ക്‌ മികച്ച രണ്ട്‌ അവസരങ്ങള്‍ ലഭിച്ചെങ്കിലും വല കുലുക്കാനായില്ല. ഒന്നാം പകുതിയില്‍ തുടക്കത്തില്‍ വഴങ്ങിയ ഗോളൊഴിച്ചാല്‍ ഖത്തര്‍ മുന്നേറ്റങ്ങളെ പ്രതിരോധിച്ച്‌ നില്‍ക്കാനായി. തമീം മന്‍സൂറിന്റെ പാസില്‍ നിന്ന്‌ മുസ്‌തഫ താരീഖാണ്‌ ഖത്തറിനായി ആദ്യ ഗോളടിച്ചത്‌. രണ്ടാം പകുതി ആരംഭിച്ചയുടന്‍ 47-ാം മിനിറ്റില്‍ അല്‍മോയെസ്‌ അലിയുടെ വക രണ്ടാം ഗോളെത്തി. 86-ാം മിനിറ്റില്‍ മുഹമ്മദ്‌ വാദ്‌ നീട്ടി നല്‍കിയ പന്ത്‌ ഹെഡറിലൂടെ യൂസുഫ്‌ അബ്‌ദുറിസാഗ്‌ വലയിലെത്തിച്ചു.
യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഖത്തര്‍ അഫ്‌ഗാനിസ്‌താനെ 8-1ന്‌ തകര്‍ത്തിരുന്നു. സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ ഇടംപിടിക്കാതിരുന്ന മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ്‌ 63-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങി. ഇന്ത്യയുടെ അടുത്ത മത്സരം അഫ്‌ഗാനിസ്‌ഥാനെതിരേയാണ്‌. രണ്ട്‌ കളികളും ജയിച്ച ഖത്തര്‍ ആറ്‌ പോയിന്റ്‌ നേടി. ഇന്ത്യക്ക്‌ മൂന്ന്‌ പോയിന്റാണ്‌. കുവൈത്തിനും അഫ്‌ഗാനും അക്കൗണ്ട്‌ തുറക്കാനായില്ല.
സി ഗ്രൂപ്പ്‌ മത്സരത്തില്‍ താജിക്‌സ്ഥാന്‍ പാകിസ്‌താനെ 6-1 നു തകര്‍ത്തു. ലാഹോറിലെ ജിന്ന സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ താജിക്‌സ്ഥാനു വേണ്ടി അമാഡോണി കാലോവ്‌ ഇരട്ട ഗോളടിച്ചു. സോയ്‌റോവ്‌, ഝമാര്‍ബായേവ്‌, പാന്‍ജെബാനെ, സാമിയേവ്‌ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. റാഷിദ്‌ നബിയാണു പാകിസ്‌താനു വേണ്ടി ഗോളടിച്ചത്‌.