ദേശീയ ടീമിലേക്ക് കളിക്കാരെ വിട്ടുനൽകില്ലെന്ന ഐഎസ്‌എൽ ക്ലബ്ബുകളുടെ പിടിവാശിക്ക് വഴങ്ങി ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീം വെട്ടിച്ചുരുക്കി. നേരത്തേ പ്രഖ്യാപിച്ച 22 അംഗ ടീം 17 ആയി. ടീമിലുണ്ടായിരുന്നു 13 കളിക്കാരെ ക്ലബ്ബുകൾ വിട്ടുകൊടുത്തില്ല. സുനിൽ ഛേത്രി അടക്കം ഒമ്പത് കളിക്കാർമാത്രമാണ് ആദ്യം ടീമിലുണ്ടായിരുന്നവർ. എട്ടുപേരെ പുതുതായി ഉൾപ്പെടുത്തി. രണ്ടുകളിക്കാരെ ഐ ലീഗ് ക്ലബ്ബുകളിൽനിന്ന് എടുത്തു.
ദേശീയ ടീമിലേക്ക് കളിക്കാരെ പേരിന് വിട്ടുകൊടുത്താണ് ഐഎസ്‌എൽ ക്ലബ്ബുകൾ സമവായത്തിന് തയ്യാറായത്. സെപ്‌തംബർ 19ന് ആതിഥേയരായ ചൈനയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 21ന് പുതിയ ഐഎസ്‌എൽ സീസൺ ആരംഭിക്കുന്നതിനാൽ ടീമിലുള്ള ദേശീയ കളിക്കാരെ വിട്ടുനൽകില്ലെന്ന ശാഠ്യത്തിലായിരുന്നു ക്ലബ്ബുകൾ. സമവായത്തിനായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) പലതവണ ശ്രമിച്ചെങ്കിലും ഫലംകണ്ടിരുന്നില്ല. രണ്ട് താരങ്ങളെയെങ്കിലും നൽകണമെന്ന് ഇന്ത്യൻ പരിശീലകൻ ഇഗർ സ്റ്റിമച്ച് ആവശ്യപ്പെട്ടിരുന്നു. ചൈനയിലേക്ക് പുറപ്പെടാൻ രണ്ടുദിവസം ബാക്കിയിരിക്കെയാണ് അന്തിമ തീരുമാനം.
അണ്ടർ 23 ടൂർണമെന്റാണ് ഏഷ്യൻ ഗെയിംസ്. മൂന്ന് സീനിയർ താരങ്ങളെ ഉൾപ്പെടുത്താം. സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു (ഇരുവരും ബംഗളൂരു എഫ്‌സി), സന്ദേശ് ജിങ്കൻ (എഫ്‌സി ഗോവ) എന്നിവരെയാണ് ഈ വിഭാഗത്തിൽ ആദ്യം പരിഗണിച്ചത്. മൂവരെയും നൽകില്ലെന്ന് ക്ലബ്ബുകൾ നിലപാടെടുത്തു. ഒടുവിൽ ക്യാപ്‌റ്റൻ സുനിൽ ഛേത്രിയെ വിട്ടുനൽകാൻ ബംഗളൂരു തയ്യാറായി.
ഏറെ സമ്മർദങ്ങൾക്കുശേഷമായിരുന്നു ഫുട്‌ബോൾ ടീമിന്റെ ഏഷ്യൻ ഗെയിംസ് പങ്കാളിത്തം ഉറപ്പിച്ചത്. കായികമന്ത്രാലയത്തിന്റെ നയപ്രകാരം ഏഷ്യയിലെ ആദ്യ എട്ട് റാങ്കിലുള്ള ടീമുകളെ അയക്കാനാണ് തീരുമാനം. ഫുട്‌ബോൾ ടീം ഇതിൽ ഉൾപ്പെടില്ല. എന്നാൽ, ഇന്റർകോണ്ടിനെന്റൽ കപ്പും സാഫ് കപ്പും ചൂടി മികച്ച പ്രകടനം നടത്തിയ സംഘത്തെ ഒഴിവാക്കുന്നത് ശരിയല്ലെന്ന വാദമുയർന്നു. പരിശീലകൻ സ്റ്റിമച്ച് പ്രധാനമന്ത്രിക്ക് പരസ്യ കത്തെഴുതി. എഐഎഫ്‌എഫും സമ്മർദം ചെലുത്തിയതോടെ ടീമിനെ അയക്കാൻ അനുവദിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രശ്‌നം ഉടലെടുത്തത്. ഫിഫയുടെ രാജ്യാന്തരമത്സര ജാലകത്തിൽമാത്രമാണ് ക്ലബ്ബുകൾക്ക് കളിക്കാരെ വിടാൻ നിർബന്ധമുള്ളത്.
മുതിർന്ന ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു, പ്രതിരോധക്കാരായ ആകാശ് മിശ്ര, ആകാശ് റായ്, മധ്യനിരയിലെ ജീക്‌സൺ സിങ്, സുരേഷ് വാങ്ജം, അപൂയ, മഹേഷ് സിങ് എന്നിവരെ ക്ലബ് വിട്ടില്ല. മുന്നേറ്റനിരയിലെ ശിവശക്തി നാരായണനും വിക്രം പ്രതാപ് സിങ്ങിനും ക്ലബ്ബിന്റെ അനുമതിയുണ്ടായില്ല. ആദ്യ ടീമിൽ കെ പി രാഹുൽമാത്രമായിരുന്നു മലയാളി. ഹൈദരാബാദ് എഫ്‌സിക്ക് കളിക്കുന്ന മലപ്പുറത്തുകാരൻ അബ്‌ദുൽ റബീഹിനും അവസരമൊരുങ്ങി.
© Copyright - MTV News Kerala 2021
View Comments (0)