സൂപ്പർ ഗിൽ ; മുംബെെയെ 62 റണ്ണിന് തോൽപ്പിച്ച് ഗുജറാത്ത്

MTV News 0
Share:
MTV News Kerala

ഐപിഎൽ ക്രിക്കറ്റ്‌ കിരീടത്തിനായി ഗുജറാത്ത്‌ ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും. അഹമ്മദാബാദിൽ നാളെയാണ്‌ ഫൈനൽ. രണ്ടാംക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്‌, അഞ്ചുവട്ടം ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ 62 റണ്ണിന്‌ തകർത്തു. മുംബൈ ബൗളർമാരെ നിലംപരിശാക്കിയ ശുഭ്‌മാൻ ഗില്ലിന്റെ മിന്നും സെഞ്ചുറിയുടെ ബലത്തിലാണ്‌ ഗുജറാത്തിന്റെ വിജയം. ഗിൽ നേടിയത്‌ 60 പന്തിൽ 129 റൺ. അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തി പേസർ മോഹിത്‌ ശർമയും തിളങ്ങി.
സ്‌കോർ: ഗുജറാത്ത്‌ 3–-233, മുംബൈ 171 (18.2)
മഴകാരണം വൈകിത്തുടങ്ങിയ കളിയിൽ ടോസ്‌ നേടിയ മുംബൈ ക്യാപ്‌റ്റൻ രോഹിത്‌ ശർമ ഗുജറാത്തിനെ ബാറ്റിങ്ങിനയച്ചു. ആദ്യ മൂന്നോവർ ശാന്തമായിരുന്നു. എന്നാൽ, പിന്നെ കണ്ടത്‌ ഗില്ലിന്റെ രൗദ്രഭാവമാണ്‌. ഇതിനിടെ 30 റണ്ണിൽവച്ച്‌ ടിം ഡേവിഡ്‌ ഒരു ക്യാച്ച്‌ പാഴാക്കിയതിന്‌ മുംബൈ വലിയവില കൊടുക്കേണ്ടിവന്നു. ശേഷം ഈ ഇരുപത്തിമൂന്നുകാരൻ കളംഭരിക്കുന്നതിന്‌ കാഴ്‌ചക്കാർമാത്രമായി മുംബൈ ഫീൽഡർമാർ. 10 സിക്‌സറും ഏഴ്‌ ഫോറും. വൃദ്ധിമാൻ സാഹ (16 പന്തിൽ 18), സായ്‌ സുദർശൻ (31 പന്തിൽ 43), ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യ (13 പന്തിൽ 28) എന്നിവരാണ്‌ മറ്റ്‌ സ്‌കോറർമാർ.
സീസണിലെ മൂന്നാംസെഞ്ചുറി കുറിച്ച ഗിൽ മനോഹര ഇന്നിങ്‌സായിരുന്നു അഹമ്മാബാദിൽ കാഴ്‌ചവച്ചത്‌. മുംബൈ ബൗളർമാരിൽ ആരെയും വെറുതെവിട്ടില്ല. 17–-ാംഓവറിൽ ആകാശ്‌ മധ്‌വാളാണ്‌ ഗില്ലിനെ പുറത്താക്കിയത്‌. പ്ലേഓഫിലെ ഏറ്റവും മികച്ച സ്‌കോറാണ്‌ ഗുജറാത്തിന്റെ പേരിൽ കുറിക്കപ്പെട്ടത്‌. ഗില്ലിന്റേത്‌ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച രണ്ടാമത്തെ സ്‌കോറാണ്‌. 2020ൽ ലോകേഷ്‌ രാഹുൽ കുറിച്ച 132 റണ്ണാണ്‌ മുന്നിൽ.
മറുപടി ബാറ്റിങ്ങിൽ സൂര്യകുമാർ യാദവും (38 പന്തിൽ 61), തിലക്‌ വർമയും (11 പന്തിൽ 43) മാത്രമാണ്‌ മുംബൈ നിരയിൽ പൊരുതിയത്‌. ഇഷാൻ കിഷൻ പരിക്കേറ്റ്‌ പുറത്തായത്‌ തിരിച്ചടിയായി. രോഹിത്‌ (8), കാമറൂൺ ഗ്രീൻ (30), മലയാളി താരം വിഷ്‌ണു വിനോദ്‌ (7) എന്നിവരെല്ലാം മങ്ങി. 2.2 ഓവറിൽ 10 റൺ വഴങ്ങിയാണ്‌ മോഹിതിന്റെ അഞ്ചുവിക്കറ്റ്‌ നേട്ടം.