മഡ്ഗാവ്: ഐ.എസ്.എല്ലിലെ സംഭവബഹുലമായ സീസണിന് ഇന്ന് സമാപനം. എ.ടി.കെ മോഹൻബഗാൻ മുൻ ജേതാക്കളായ ബംഗളൂരു എഫ്.സിയെ മഡ്ഗാവിലെ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ നേരിടും. ഫൈനലിലേക്കുള്ള പാതയിൽ തുടർച്ചയായ അഞ്ച് മത്സരങ്ങൾ ജയിച്ചാണ് ബഗാൻ മുന്നേറിയത്. ഇതിൽ നാല് കളികളിലും ഗോൾ വഴങ്ങിയിരുന്നില്ല.
പ്രതിരോധത്തിലെ കരുത്ത് തെളിയിച്ചാണ് ബഗാൻ കുതിക്കുന്നത്. 17 ഗോളുകൾ മാത്രമാണ് സീസണിൽ വഴങ്ങിയത്. ക്യാപ്റ്റൻ പ്രീതം കോട്ടാലും ആസ്ട്രേലിയക്കാരൻ ബ്രണ്ടൻ ഹാമിലുമടങ്ങുന്ന എ.ടി.കെ ബഗാന്റെ പ്രതിരോധ ഭടന്മാർ അത്യധ്വാനികളാണ്. സ്ലാവ്കോ ഡാമ്യാനോവിച്ചും ആശിഷ് റായിയും പ്രതിരോധത്തിലെ കരുത്തരാണ്.
കൊൽക്കത്ത ടീമിന്റെ മുൻനിരയിൽ മലയാളി താരം ആശിഖ് കുരുണിയൻ ഇറങ്ങാനാണ് സാധ്യത. കണങ്കാലിന് പരിക്കേറ്റ ആശിഖ് രണ്ടാംപാദ സെമിയിൽ ഹൈദരാബാദ് എഫ്.സിക്കെതിരെ കളിച്ചിരുന്നില്ല. താരത്തിന് കളിക്കാനാകുമെന്ന സൂചനയാണ് കോച്ച് യുവാൻ ഫെറാൻഡോ നൽകുന്നത്.
കിയാൻ നസിരിയാകും ആശിഖിന് വേണ്ടി വഴിമാറുക. 80ലേറെ ഐ.എസ്.എൽ മത്സരങ്ങളുടെ പരിചയമുള്ള താരമാണ് ആശിഖ്. ഹ്യൂേഗാ ബൗമസും മൻവീർ സിങ്ങും മുൻനിരയിലുണ്ടാകും. ദിമിത്രിയോസ് പെട്രാറ്റോസ് ഏക സ്ട്രൈക്കറാകും. ഐറിഷ് താരം കാൾ മക്ക്യു മിഡ്ഫീൽഡിലെ തന്ത്രശാലിയുടെ റോളിലെത്തും.
© Copyright - MTV News Kerala 2021
View Comments (0)