ഐ.എസ്‌.എല്‍. മത്സരങ്ങള്‍ ഇന്നു മുതല്‍

MTV News 0
Share:
MTV News Kerala

കലിംഗ സൂപ്പര്‍ കപ്പിന്റെയും എ.എഫ്‌.സി. ഏഷ്യന്‍ കപ്പിന്റെയും തിരക്കുകള്‍ കഴിഞ്ഞ്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ പത്താം സീസണ്‍ ഇന്നു പുനരാരംഭിക്കും.
ജെ.ആര്‍.ഡി. ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന മത്സരത്തില്‍ ജംഷഡ്‌പുര്‍ എഫ്‌.സി. നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. ഇരുവരും 12 കളികളില്‍നിന്നു രണ്ടു ജയങ്ങള്‍ മാത്രമാണു നേടിയത്‌. നോര്‍ത്ത്‌ ഈസ്‌റ്റ് പുതിയ കോച്ച്‌ യുവാന്‍ പെഡ്രോ ബെനാലിക്കു കീഴില്‍ അധികം തോല്‍വികള്‍ വഴങ്ങിയിട്ടില്ല.
മികച്ച പോരാട്ടം പുറത്തെടുത്ത അവര്‍ ആറ്‌ മത്സരങ്ങള്‍ സമനിലയാക്കി. കലിംഗ സൂപ്പര്‍ കപ്പിന്റെ നോക്കൗട്ടില്‍ കളിക്കാനായതും നോര്‍ത്ത്‌ഈസ്‌റ്റിനു നേട്ടമായി. സ്‌കോട്ട്‌ കൂപ്പറിന്റെ പിന്‍ഗാമിയായി കോച്ച്‌ സ്‌ഥാനമേറ്റെടുത്ത ഖാലിദ്‌ ജാമിലിന്റെ ലക്ഷ്യം ജംഷഡ്‌പുരിനെ പത്താം സ്‌ഥാനത്തുനിന്ന്‌ ഉയര്‍ത്തുകയാണ്‌. കലിംഗ സൂപ്പര്‍ കപ്പ്‌ സെമി ഫൈനല്‍ വരെ കളിക്കാന്‍ ജാമിലിന്റെ ശിഷ്യന്‍മാര്‍ക്കായി.
സെമിയില്‍ അവര്‍ ഈസ്‌റ്റ് ബംഗാളിനോട്‌ 2-0 ത്തിനു തോറ്റു. ഐസ്വാള്‍ എഫ്‌.സിയെ 2016-17 സീസണിലെ ഐ ലീഗ്‌ ജേതാക്കളാക്കിയ കോച്ചാണു ജാമില്‍. ജംഷഡ്‌പുരും നോര്‍ത്ത്‌ഈസ്‌റ്റും തമ്മില്‍ ഇതുവരെ 13 മത്സരങ്ങള്‍ കളിച്ചു. ജംഷഡ്‌പുര്‍ ആറ്‌ മത്സരങ്ങളും നോര്‍ത്ത്‌ഈസ്‌റ്റ് രണ്ട്‌ മത്സരങ്ങളും ജയിച്ചു. അഞ്ച്‌ മത്സരങ്ങള്‍ സമനിലയായി.
പോയിന്റ്‌ പട്ടികയില്‍ മുന്നിലുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫെബ്രുവരി രണ്ടിന്‌ ഒഡീഷ എഫ്‌.സിയെ നേരിടും.
ഒഡീഷയുടെ തട്ടകമായ കലിംഗ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. മിന്നും ഫോമില്‍ കളിക്കുന്ന ഒഡീഷയ്‌ക്കെതിരായ പോരാട്ടം കടുത്തതാകുമെന്ന്‌ ഉറപ്പാണ്‌. നായകന്‍ അഡ്രിയാന്‍ ലൂണയ്‌ക്ക് പിന്നാലെ മുന്നേറ്റ താരം ക്വാമെ പെപ്രയും പരുക്കു മൂലം പുറത്തിരിക്കേണ്ട സ്‌ഥിതിയിലാണ്‌. കലിംഗ സൂപ്പര്‍ കപ്പില്‍ ജംഷഡ്‌പുര്‍ എഫ്‌.സിക്കെതിരായ മത്സരത്തിനിടെയാണു പെപ്രയ്‌ക്ക പരുക്കേറ്റത്‌. സൂപ്പര്‍ കപ്പില്‍ ബ്ലാസേ്‌റ്റഴ്‌സ് മോശം പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. നോക്കൌട്ട്‌ കടക്കാന്‍ പോലും അവര്‍ക്കായില്ല. പെപ്രയുടെ പരുക്ക്‌ കൂടി ആയതോടെ ഒഡീഷയ്‌ക്കെതിരെ കഷ്‌ടപ്പെടുമെന്ന്‌ ഉറപ്പായി. ഐ.എസ്‌.എല്‍. ആദ്യഘട്ടം അവസാനിക്കുമ്പോള്‍ അവര്‍ മൂന്നാം സ്‌ഥാനത്തുണ്ട്‌. 12 മത്സരങ്ങളില്‍നിന്ന്‌ ഏഴ്‌ ജയവും മൂന്ന്‌ സമനിലയും രണ്ട്‌ തോല്‍വിയുമടക്കം 24 പോയിന്റാണ്‌ ഒഡീഷയ്‌ക്കുള്ളത്‌. കേരളാ ബ്ലാസ്‌റ്റേഴ്‌സിനെക്കാള്‍ രണ്ട്‌ പോയിന്റ്‌ മാത്രം പിന്നിലാണ്‌ അവര്‍. എഫ്‌.സി. ഗോവയാണ്‌ പട്ടികയില്‍ രണ്ടാമത്‌.
കലിംഗ സൂപ്പര്‍ കപ്പില്‍ റണ്ണര്‍ അപ്പായ ശേഷമാണ്‌ ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ ഒരുങ്ങുന്നത്‌. ഈസ്‌റ്റ് ബംഗാളിനെതിരേ നടന്ന ഫൈനലില്‍ 3-2 നാണ്‌ ഒഡീഷ തോറ്റത്‌്. മത്സരത്തിലെ തോല്‍വിക്ക്‌ പിന്നാലെ ഒഡീഷയ്‌ക്ക് തിരിച്ചടി കൂടി നേരിട്ടു. ടീമിന്റെ സൂപ്പര്‍ താരം മൊ ഫാള്‍ ചുവപ്പു കാര്‍ഡ്‌ കണ്ടതാണു തിരിച്ചടിയായത്‌.
ഈസ്‌റ്റ് ബംഗാളിനെതിരെ ചുവപ്പു കാര്‍ഡ്‌ പുറത്തായതിനാല്‍ ഫാളിന്‌ ബ്ലാസ്‌റ്റേഴ്‌സിനെതിരായ മത്സരവും നഷ്‌ടമാകും. ഒഡീഷയുടെ സെന്റര്‍ ബാക്കാണ്‌ 36 വയസുകാരനായ സെനഗല്‍ താരം. ഫാളിന്റെ അഭാവം ഇവാന്‍ വുകുമാനോവിച്ചിനും ശിഷ്യന്‍മാര്‍ക്കും വലിയ ആശ്വാസമാവും.